കൊവിഡ് വ്യാപനത്തിനു കാരണം കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്കയച്ച സര്‍ക്കാരുകളെന്ന് പ്രധാനമന്ത്രി; നരേന്ദ്ര മോദി നുണപറയുന്നെന്ന് കെജ്രിവാള്‍

Update: 2022-02-08 02:39 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിനു കാരണം കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരുകളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണത്തോട് രൂക്ഷമായി പ്രതികരിച്ച് ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകള്‍. പ്രധാനമന്ത്രി നിര്‍ലജ്ജം നുണ പറയുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചതാണ് യുപി പോലുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിനു കാരണമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി നിര്‍ലജ്ജം നുണപറയുക മാത്രമല്ല, ദുരിതമനുഭവിക്കുന്നവരുടെ സഹനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. 

'കൊറോണ കാലഘട്ടത്തിന്റെ വേദന അനുഭവിക്കുന്നവരോടും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടും പ്രധാനമന്ത്രി കരുണ കാണിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു'- അരവിന്ദ് കെജ്രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

'ആദ്യ കൊവിഡ് തരംഗത്തിനിടെ കോണ്‍ഗ്രസ് പരിധി മറികടന്നു... മുംബൈ റെയില്‍വേ സ്‌റ്റേഷനിലെ കോണ്‍ഗ്രസ്സുകാര്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് നല്‍കി കൊറോണ വൈറസ് പടര്‍ത്തി...ഡല്‍ഹിയിലെ ചേരികളില്‍ സര്‍ക്കാര്‍ ജീപ്പില്‍ മൈക്ക് കെട്ടി തൊഴിലാളികളോട് നാട് വിടാന്‍ നിര്‍ദേശിച്ചു. ബസ്സ് സൗകര്യവും നല്‍കി''- നരേന്ദ്ര മോദി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര റവന്യൂ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹേബ് തോറട്ട് പറഞ്ഞു.

'ലോക്ക്ഡൗണ്‍ കാലത്ത് ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്കായി മഹാരാഷ്ട്ര വികാസ് അഘാഡി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അവരെ പരിചരിച്ചു, അവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റുകള്‍ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം, ഞങ്ങള്‍ ഏറ്റെടുത്തു'- അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് വൈറസ് രാജ്യത്ത് എത്തിയതെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്താപ് ചോദിച്ചു. കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അത് സര്‍ക്കാര്‍ കേട്ടില്ല. കോറോണ വ്യാപനത്തില്‍ സര്‍ക്കാരിന്റെ പങ്ക് വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News