പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും; പ്രവേശനം 23 വരെ

Update: 2020-10-18 09:10 GMT

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വണ്‍ പ്രവേശനം ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം നാളെ രാവിലെ 10മണിക്ക് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. അപേക്ഷിച്ചതിനു ശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല.

അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന ലിങ്കില്‍ ലഭിക്കും. പ്രവേശനം നാളെ മുതല്‍ 23 വരെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. അലോട്ട്‌മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആഗസ്ത് നാലിന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉള്‍പ്പടെ സമര്‍പ്പിക്കണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് എടുത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച ശേഷം സ്ഥിരപ്രവേശനം എടുത്തിരിക്കണം.

ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി അലോട്ട്മെന്റിനുശേഷമുള്ള ഒഴിവ് ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കില്‍ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷം ഒഴിവുണ്ടെങ്കില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.