കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യ (16)യാണ് മരിച്ചത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌കൂള്‍ ബാഗ് കണ്ടെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി മുങ്ങി മരിച്ചതാകാമെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ശരീരത്തില്‍ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലിസ് അറിയിച്ചു. മരണം ആത്മഹത്യയാണോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും ചോറ്റാനിക്കര പോലിസ് അറിയിച്ചു.