പ്ലസ് വണ്‍ പരീക്ഷ: സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2021-09-03 13:20 GMT

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ 13ാം തിയ്യതിക്കകം കൈമാറും. കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി ഇന്ന് സ്‌റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താതെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സെപ്തംബര്‍ 13 വരെയാണ് പരീക്ഷ സ്‌റ്റേ ചെയ്തത്. 13ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഖാനാണ് പരീക്ഷ നടത്തിപ്പിനെതിരെ കോടതിയെ സമീപിച്ചത്. കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. വാക്‌സിനെടുക്കാത്ത കുട്ടികളെ പരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Tags:    

Similar News