പ്ലസ് വൺ ഏകജാലകം: നിരീക്ഷണത്തിലും കണ്ടെയ്ൻമെൻ്റ് സോണിലും ഉള്ളവർക്ക് ഓൺലൈൻ പ്രവേശനത്തിന് അവസരം

Update: 2020-09-17 06:16 GMT

 

തൃശൂർ: പ്ലസ് വൺ ഏകജാലക പ്രവേശനം നേടുന്നതിന് കണ്ടെയ്ൻമെൻ്റ് സോണിലും, ക്വാറന്റൈനിലും ഇരിക്കുന്നവർക്ക് ഓൺലൈനായി പ്രവേശനം നേടാൻ സൗകര്യമൊരുക്കുന്നു. ഈ മേഖലയിലുള്ള അപേക്ഷാർത്ഥികൾക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്റ്റംബർ 19ന് മുമ്പ് സ്‌കൂളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാം. ഇതിനായി ക്യാൻഡിഡേറ്റ് ലോഗിനിൽ സെപ്റ്റംബർ 17 മുതൽ സൗകര്യം

ഒരുക്കിക്കഴിഞ്ഞു. ക്യാൻഡിഡ് ലോഗിനിലെ ഓൺലൈൻ ജോയിനിംഗ്(online joining) എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്‌ത കോപ്പികൾ അപ്‌ലോഡ് ചെയ്യാം. ഇങ്ങനെ അയക്കുന്ന കോപ്പികൾ പ്രവേശനം ലഭിച്ച സ്കൂൾ പ്രിൻസിപ്പാളിൻ്റെ ലോഗി നിൽ ലഭ്യമാകും. പ്രിൻസിപ്പാൾ ഓൺലൈൻ വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും. പ്രിൻസിപ്പാളിൻ്റെ അനുമതി ലഭിച്ചാൽ ഫീ പേയ്‌മെന്റ് (Fee Payment) എന്ന ലിങ്കിലൂടെ ഫീസ് അടച്ച് പ്രവേശനം പൂർത്തികരിക്കാം. ഓൺലൈൻ പ്രവേശനം നേടുന്നവർ സ്കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്. ഈ അവസരത്തിൽ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണങ്കിൽ വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദാക്കപ്പെടും.

Tags:    

Similar News