സ്വര്‍ണത്തെയും വെള്ളിയെയും മറികടന്ന് നിക്ഷേപകരുടെ പുതിയ പ്രിയലോഹമായി പ്ലാറ്റിനം

Update: 2025-12-19 05:33 GMT

മുംബൈ: നിക്ഷേപകരുടെ പരമ്പരാഗത ആശ്രയമായ സ്വര്‍ണത്തെയും വെള്ളിയെയും മറികടന്ന് പ്ലാറ്റിനം ആഗോള വിപണിയില്‍ പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. 18 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ പ്ലാറ്റിനം വ്യാപാരം നടക്കുന്നത്. കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയിലെ അസ്ഥിരതയും മൂലം സുരക്ഷിതവും ഉയര്‍ന്ന നേട്ടം നല്‍കുന്നതുമായ ആസ്തികളിലേക്കാണ് നിക്ഷേപകര്‍ മാറുന്നത്. ഇതാണ് പ്ലാറ്റിനം വില കുത്തനെ ഉയരാന്‍ കാരണമായത്. ഈ വര്‍ഷം വെള്ളി നിക്ഷേപകര്‍ക്ക് 130 ശതമാനം ലാഭം നല്‍കുമ്പോള്‍ പ്ലാറ്റിനം 115 ശതമാനത്തിന്റെ നേട്ടമാണ് സമ്മാനിച്ചത്. അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുന്ന സ്വര്‍ണത്തില്‍നിന്ന് ലഭിച്ച റിട്ടേണ്‍ 65 ശതമാനമായി പരിമിതപ്പെട്ടു.

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് പ്ലാറ്റിനത്തിന്റെ വില 1,975 ഡോളറിലെത്തി. ഡെറിവേറ്റിവ് വിപണിയില്‍ ജനുവരിയില്‍ വിതരണം ചെയ്യുന്ന പ്ലാറ്റിനം ഔണ്‍സിന് 1,986 ഡോളറിലാണ് വ്യാപാരം. ചൈനയിലെ ഗ്യാങ്‌സു ഫ്യൂച്ചേര്‍സ് എക്‌സ്‌ചേഞ്ചില്‍ പ്ലാറ്റിനത്തിന് വന്‍ ഡിമാന്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 27ന് ഒരു ഗ്രാം പ്ലാറ്റിനത്തിന് 405 യുവാന്‍ (ഏകദേശം 5,198 രൂപ) ആയിരുന്ന വില ഇന്നലെയോടെ 541.80 യുവാനായി ഉയര്‍ന്നു. ഇതോടൊപ്പം, ഗ്യാങ്‌സു എക്‌സ്‌ചേഞ്ചിലെ പ്ലാറ്റിനം വ്യാപാരം ഒരുദിവസം കൊണ്ട് 17 ശതമാനം വര്‍ധിച്ചതും ശ്രദ്ധേയമാണ്.

ആഭരണ നിര്‍മാണത്തിനൊപ്പം വ്യവസായ മേഖലകളിലും പ്ലാറ്റിനത്തിന് വന്‍ ആവശ്യകതയുണ്ട്. വാഹനങ്ങളില്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍, പെട്രോളിയം സംസ്‌കരണം, അര്‍ബുദ ചികില്‍സയ്ക്കുള്ള മരുന്നുകള്‍, ഉയര്‍ന്ന ഗുണമേന്മയുള്ള ഗ്ലാസ് നിര്‍മ്മാണം, ഹാര്‍ഡ് ഡിസ്‌കുകളും സെന്‍സറുകളും എന്നിവയുടെ നിര്‍മ്മാണം എന്നിവയില്‍ പ്ലാറ്റിനം നിര്‍ണായക ഘടകമാണ്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയിലും പ്ലാറ്റിനം വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ ഒരു ഗ്രാം പ്ലാറ്റിനത്തിന് 6,000 മുതല്‍ 6,200 രൂപ വരെയാണ് വിലയെന്ന് എന്‍എസി ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ എന്‍ അനന്ത പത്മനാഭന്‍ വ്യക്തമാക്കി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഈ വര്‍ഷം പ്ലാറ്റിനം വില ഇരട്ടിയായതായും, സ്വര്‍ണ വില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ പ്ലാറ്റിനത്തിലേക്ക് തിരിഞ്ഞതായും അദ്ദേഹം പറഞ്ഞു.

യുഎസ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വവും ആഗോള നിക്ഷേപകരെ മികച്ച ലാഭം നല്‍കുന്ന ആസ്തികളിലേക്ക് നയിച്ചതായാണ് ട്രേഡിങ് ഇക്കണോമിക്‌സ് വിലയിരുത്തല്‍. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന മേഖലയിലും പ്ലാറ്റിനത്തിന് ആവശ്യകത വര്‍ധിച്ചതോടെ ലോഹത്തിന് പുതിയ ഊര്‍ജം ലഭിച്ചതായി സാംകോ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് റിസര്‍ച്ച് മേധാവി അപൂര്‍വ ഷേത്ത് പറഞ്ഞു. അതേസമയം, ആഗോള വിതരണ ഭാഗത്തും സമ്മര്‍ദ്ദം തുടരുകയാണ്. ലോകത്തിലെ ഏകദേശം 75 ശതമാനം പ്ലാറ്റിനം വിതരണം ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഖനികളില്‍ ഉത്പാദനം കുറഞ്ഞതും, റഷ്യയില്‍നിന്നുള്ള വിതരണത്തെ ബാധിക്കുന്ന രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വവും വിലക്കയറ്റത്തിന് കാരണമായി. വേള്‍ഡ് പ്ലാറ്റിനം ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം പ്ലാറ്റിനം ക്ഷാമം 69,200 ഔണ്‍സായി ഉയരും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പ്ലാറ്റിനം ലഭ്യതയില്‍ രൂക്ഷമായ കുറവ് നേരിടുന്നത്.

Tags: