'ജലീല്‍ പണില്ലാതെ എന്റെ പിറകെ നടക്കുന്നു, എന്റെ അടുത്ത് ഇപ്പോള്‍ വേക്കന്‍സിയില്ല'; പരിഹസിച്ച് പികെ കുഞ്ഞാലിക്കുട്ടി
പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ ചതിയില്‍ ചാടിക്കുന്നു എന്ന കെടി ജലീലിന്റെ പ്രസ്താവന കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്
തിരുവനന്തപുരം: തനിക്കും മകനുമെതിരായ കെടി ജലീല്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് മുസ്‌ലിം ലീഗ് നേതാവ്. പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ അബ്ദുറഹ്മാന്‍ നഗര്‍ സര്‍വ്വീസ് കോപറേറ്റീവ് ബാങ്കില്‍ തന്റെ മകന്‍ ആഷിഖിനുള്ളത് എന്‍ആര്‍ഇ അക്കൗണ്ടാണ്. എന്‍ആര്‍ഐ എന്ന് ഇന്നലെ തെറ്റായി പറഞ്ഞതാണ്. മകന്റേത് നിയമപരമായ ഇടപാടുകളാണ്. എസ്ബിഐ മുഖാന്തിരമല്ലാതെ ഒരു പണമിടപാടും ഇല്ല. ജലീല്‍ തന്നെ വേട്ടയാടുകയാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ജലീല്‍ ഒരുകാലത്ത് എന്റെ പിന്നാലെയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് പണിയില്ല. അതാണ് പുറമേ നടക്കുന്നത്. പക്ഷെ എന്റെ അടുത്ത് ഇപ്പോള്‍ വേക്കന്‍സിയില്ല.' അദ്ദേഹം പരിഹസിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന കെടി ജലീലിന്റെ വാദവും കുഞ്ഞാലിക്കുട്ടി തള്ളി. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടില്‍ ഹൈദര്‍ അലി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല, ഈകാര്യം ഇഡിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളെ മറയാക്കി പികെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണമാണ് കെടി ജലീല്‍ ഉന്നയിച്ചത്. പാണക്കാട് ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിയില്‍ ചാടിച്ചു. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളുണ്ട്. അതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ ചതിയില്‍ ചാടിക്കുന്നു എന്ന കെടി ജലീലിന്റെ പ്രസ്താവന കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്.
