ആറ്റിങ്ങലിലെ പിങ്ക് പോലിസ് പരസ്യവിചാരണ; ബാലനീതി നിയമപ്രകാരം കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

കമ്മിഷന്‍ ഡിജിപിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണം.

Update: 2021-11-26 11:49 GMT

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലിസ് എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മിഷന്‍ സംസ്ഥാന പോലിസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പോലിസിന് ബോധവത്ക്കരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടു റോഡില്‍ ചോദ്യം ചെയ്തത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്‍ഡ് ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പോലിസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ പോലിസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ട ജയചന്ദ്രനും മകളും മൂന്ന് മാസമായി നീതിക്ക് വേണ്ടി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ്. തെറ്റു ചെയ്തിട്ടും പോലിസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികള്‍ അവസാനിപ്പിച്ചു.

പോലിസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയെ മാനസികമായി തളര്‍ത്തി. വിചാരണ നേരിട്ട എട്ടുവയസുകാരി ഇപ്പോഴും കൗണ്‍സിലിങിന് വിധേയയാകുന്നു.

മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് ബാലാവകാശകമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പോലിസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി ഉത്തരവിട്ടു. എന്നാല്‍ പോലിസ് റിപോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐജിയുടേയും റിപോര്‍ട്ട്.

നീതി നേടിഎസ് എസ്‌സി-എസ് ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പോലിസ് ഉദ്യോഗസ്ഥയെ യൂനിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്‌സി-എസ് ടി കമ്മീഷന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നും കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ നടപടിയില്ല. ഒക്ടോബര്‍ അഞ്ചിന് ജയചന്ദ്രനും കുഞ്ഞും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി. അനുകൂലസമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കിയെങ്കിലും പോലിസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയില്‍ ജോലി ചെയ്യുകയാണ്.


Tags: