പിണറായിയുടേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നാടകം: വി ഡി സതീശന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നാടകങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് കാര്യമൊന്നുമില്ലെന്നും എല്ലാം ജനങ്ങള്‍ക്ക് മനസിലാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ക്ഷേമനിധികള്‍ ഇതുപോലെ മുടക്കിയ ഗവണ്‍മെന്റ് ഇല്ല. സപ്ലൈയ്‌കോയില്‍ 2215 കോടിയണ് കൊടുക്കാനുള്ളത്. അത് ഇതുവരെ കൊടുത്തിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. എന്നിട്ട് പച്ചക്കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ഉണ്ടായ ജാള്യത മറയ്ക്കാനാണ് പുതിയ വാഗ്ദാനങ്ങളുമായി വന്നിരിക്കുന്നത്. 2500 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നാണല്ലോ പറഞ്ഞിരുന്നത്. എന്നാല്‍ അതെന്താ കൊടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ പ്രഖ്യാപിക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് എന്തിനാണ് എന്ന് മനസിലാകും. ഇനിയുള്ള കാര്യങ്ങള്‍, വരാനിരിക്കുന്ന സര്‍ക്കാരിന്റെ തലയില്‍ ഇരുന്നോട്ടെ എന്നു പറഞ്ഞിട്ടാണ് ഇപ്പോള്‍ ഈ പണിയെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ആരോടും പറയാതെ പോയി ഒപ്പുവച്ചിട്ട്, ഇപ്പോള്‍ നാട്ടുകാരെ കബളിപ്പിക്കുകയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.