പോലിസിനെ മുഖ്യമന്ത്രി ഗുണ്ടാപ്പണി പരിശീലിപ്പിക്കുന്നു: പി ആര്‍ സിയാദ്

കേരളത്തില്‍ പോലിസ് അതിക്രമം റിപോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലുമില്ല

Update: 2022-01-03 13:05 GMT

തിരുവനന്തപുരം: കേരളാ പോലിസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടാപ്പണി പരിശീലിപ്പിക്കുകയാണെന്നും അതിന്റെ തിക്ത ഫലമാണ് കേരളം അനുഭവിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേരളത്തില്‍ പോലിസ് അതിക്രമം റിപോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലും ഇല്ല എന്ന സ്ഥിതിയാണ്. ഞായറാഴ്ച മാവേലി എക്‌സ്പ്രസ് യാത്രക്കാരനെ എഎസ്‌ഐ മര്‍ദ്ദിച്ച സംഭവം ഇതിന്റെ ഉദാഹരണമാണ്. ആ ചര്‍ച്ച അവസാനിക്കുന്നതിനു മുമ്പു തന്നെ ആലപ്പുഴയില്‍ മല്‍സ്യത്തൊഴിലാളിയെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് വിദേശ ടൂറിസ്റ്റിനെ അപമാനിച്ച കേസില്‍ ഒരു പോലിസുദ്യോഗസ്ഥന്‍ അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. കേരളാ പോലിസില്‍ അക്രമവാസനയും വംശീയതയും വര്‍ധിച്ചിരിക്കുന്നു. ഈ ഗുണ്ടാ പോലിസിന്റെ പിന്‍ബലത്തിലാണ് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കെതിരായ കെ റെയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി അമിതാവേശം കാണിക്കുന്നത്.
കേരളം ഗുണ്ടാ ആക്രമണങ്ങളില്‍ പകച്ചുനില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ നേരേ കൈയൂക്ക് കാണിക്കുകയാണ് പോലിസ്. മുഖ്യമന്ത്രിക്ക് എങ്ങിനെയെങ്കിലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കണം എന്ന ഒറ്റ അജണ്ടയേ ഉള്ളൂ. കേരളം സ്തംഭിച്ചാലും കെ റെയില്‍ നടപ്പാക്കണം. മാധ്യമങ്ങളെയുള്‍പ്പെടെയുള്ള പൗരസമൂഹത്തെ വിരട്ടി നിര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ പോലിസിനെ അച്ചടക്കം പഠിപ്പിക്കാനും ആര്‍ജ്ജവം കാണിക്കണമെന്നും പി ആര്‍ സിയാദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags: