രാഷ്ട്രീയ അഭയം നല്‍കിയത് പിണറായി വിജയന്‍; തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

Update: 2021-04-20 04:04 GMT

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ സിപിഎമ്മിന്റെ ഭാഗവുമായ ചെറിയാന്‍ ഫിലിപ്പ്. ബാല്യം മുതല്‍ ജീവിതത്തിന്റെ ഭാഗമായിരുന്ന എ കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്. കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആന്റണി 2010ല്‍ കെ.ടി.ഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്. ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു. എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് എഴുതി.

രാജ്യസഭയിലേക്ക് ഒഴിവ് വന്ന സ്ഥാനത്ത് പരിഗണിക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സിപിഐഎമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മതസമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതുസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല-ചെറിയാന്‍ എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യസഭയിലേക്ക് ചെറിയാനെ പരിഗണിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം എഴുതിയിരുന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്ന് വീക്ഷണം എഴുതി.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിച്ചു.

കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ ജോണ്‍ ബ്രിട്ടാസിനെയും ഡോ. ശിവദാസനെയുമാണ് സിപിഎം പരിഗണിച്ചത്.

Tags:    

Similar News