കോണ്‍ഗ്രസുമായി ചേരില്ലെന്ന് പിണറായി ബിജെപിക്ക് ഉറപ്പ് നല്‍കി; കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി പാര്‍ട്ടി കോണ്‍ഗ്രസ് മാറിയെന്നും വിഡി സതീശന്‍

കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സിപിഎം നേതൃത്വവും കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ട്

Update: 2022-04-08 11:39 GMT

കോട്ടയം: കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചര്‍ച്ചകളാണ് കണ്ണൂരിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കാരണവശാലും കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ സിപിഎം ഘടകം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന നിലപാടെടുത്താല്‍ സില്‍വര്‍ ലൈനിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമതി നല്‍കില്ല. അതിനാല്‍ കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സിപിഎം നേതൃത്വവും കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന തീരുമാനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന നിലപാടെടുത്ത പഴയ കാല സിപിഎം നേതാക്കളുടെ പിന്‍മുറക്കാര്‍ കോണ്‍ഗ്രസ് തകര്‍ന്നാലും കുഴുപ്പമില്ല ബിജെപി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.

മന്ത്രിയും മുഖ്യമന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് സംശയമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അതിക്രമങ്ങള്‍ നടക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ബോംബേറില്‍ ഒരാളുടെ കാല് തകര്‍ന്നു. ഇന്ന് മറ്റൊരാളുടെ മുഖം തകര്‍ന്നു. കേരളത്തില്‍ മയക്കു മരുന്ന് മാഫിയകള്‍ അഴിഞ്ഞാടുന്നു. മയക്കുമരുന്ന് മാഫിയകളുടെ കൈയ്യിലാണ് കേരളം. അവര്‍ക്ക് പിന്തുണ നല്‍കുന്നത് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രാദേശിക നേതൃത്വങ്ങളാണ്. അവരുടെ സമ്മതത്തോടും അനുവാദത്തോടും കൂടിയാണ് മയക്കുമരുന്ന് സംഘം അഴിഞ്ഞാടുന്നത്.

ഇവിടെ എന്ത് ഭരണമാണ് നടക്കുന്നത്. കെ.എസ്.ഇ.ബിയില്‍ സിപിഎം സംഘടനാ നേതാക്കള്‍ ചെയര്‍മാന്റെ മുറിയിലേക്ക് ഇരച്ചു കയറുകയാണ്. ഭരണകക്ഷി സംഘടനാ നേതാക്കള്‍ തന്നെ കെ.എസ്.ഇ.ബിയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരുമാണ് പോലിസിനെ നിയന്ത്രിക്കുന്നത്. ഇത്രയും പരിതാപകരമായ സ്ഥിതി കേരളത്തിലുണ്ടായിട്ടില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുമ്പോള്‍ കേരളത്തില്‍ ഒരു ഭരണമുണ്ടെയെന്ന ചോദ്യമാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. അപകടകരമായ നിലയിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. ജനങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധമുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാരിന് കഴിഞ്ഞത്.

കെവി തോമസിനെതിരായ നടപടി സംബന്ധിച്ച് ഉചിതമായ തീരുമാനം കെപിസിസി കൈക്കൊള്ളും. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പ്രതിനിധി കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുക്കുമോ. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ കെവി തോമസിന് ബാധ്യതയുണ്ടായിരുന്നുവെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Tags: