അരുണാചലില്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

Update: 2022-10-05 08:44 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങിന് സമീപം ഇന്ത്യന്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഒരു പൈലറ്റ് മരിച്ചു. ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പറക്കലിനിടെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്- സൈനികവൃത്തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഈ വര്‍ഷം മാര്‍ച്ചില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കരസേനയുടെ മറ്റൊരു ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചിരുന്നു. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Tags: