പന്നിപ്പനി; ഫാമിലെ പന്നികളുടെ ദയാവധവും ശാസ്ത്രീയമായ മറവുചെയ്യലും പൂര്‍ത്തിയായി
തൃശൂര്‍: ആതിരപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളുടെ ദയാവധവും ശാസ്ത്രീയമായ മറവു ചെയ്യലും പൂര്‍ത്തിയായി. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസേനയാണ് പന്നികളുടെ ദയാവധം പൂര്‍ത്തിയാക്കിയത്. ഫാമില്‍ ആകെ 64 പന്നികളെ ഭാരനിര്‍ണയം നടത്തി ദയാവധം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗരേഖ പ്രകാരം ഇലക്ട്രിക് സ്റ്റണ്ണിംഗ് ആന്റ് സ്റ്റിക്കിംഗ് രീതിയിലാണ് ദയാവധം നടപ്പിലാക്കിയത്. തുടര്‍ന്ന് പന്നികളെ ശാസ്ത്രീയമായി മറവ് ചെയ്യുകയും അതോടൊപ്പം അണുനശീകരണം നടത്തുകയും ചെയ്തു. ഫാമിലെ ജൈവ അവശിഷ്ടങ്ങളും സേനയുടെ സുരക്ഷാ കവചങ്ങളും ശാസ്ത്രീയമായി ഉന്‍മൂലനം ചെയ്തു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നാളെ അണുനശീകരണം നടത്തും.
24 മണിക്കൂര്‍ കൂടി ഈ ദ്രുതകര്‍മ്മ സേനയിലെ അംഗങ്ങള്‍ പഞ്ചായത്തില്‍ തങ്ങും. നാളെ ഫാമുകളിലെ അണുനശീകരണം കൂടി പൂര്‍ത്തിയാക്കി ക്വാറന്റൈനിലുള്ള കര്‍മ്മസേന മടങ്ങുന്നതോടെ രോഗബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. മൂന്ന് മാസക്കാലം ഈ മേഖലയിലെ മറ്റു ഫാമുകളിലെ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഫ്രാന്‍സിസ് ബാസ്റ്റിന്‍ അറിയിച്ചു.