കാടിനെ അറിഞ്ഞ് കാഴ്ചകള്‍ കാണാം: കാടകം ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം

Update: 2021-10-08 14:35 GMT

തൃശൂര്‍: കാടിന്റെ സൂക്ഷിപ്പുകാരുടെ അപ്രതീക്ഷിത ഫ്രെയിമുകള്‍ കാണികള്‍ക്ക് പുത്തന്‍ അനുഭവമാകുന്നു. വനം വന്യജീവി വകുപ്പിന് കീഴിലെ പീച്ചി വന്യജീവി വിഭാഗം നയിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കാടകം' ഫോട്ടോ പ്രദര്‍ശനമാണ് കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാകുന്നത്.

കാടും കാടിന്റെ കാവലാളുകളും പരസ്പരം കൈകോര്‍ക്കുന്ന, കാട് കാക്കുന്നവരുടെ കാമറ കണ്ണുകളിലൂടെയുള്ള ചിത്രങ്ങളാണ് കാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഹരിത വിസ്മയങ്ങള്‍ക്കൊപ്പം കേരളത്തിന്റെ വന കാഴ്ചകളെ പകര്‍ത്തുന്നുണ്ട് കാടകം പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങളും. നീലക്കുറിഞ്ഞി പൂത്ത താഴ് വരകള്‍, കൊമ്പ് കോര്‍ക്കുന്ന കരിവീരന്മാര്‍, കടുവയുടെ വന്യത തുടങ്ങി പക്ഷി ജീവിതങ്ങളും കാടിന്റെ സൂക്ഷ്മഭാവങ്ങളും ജൈവ വൈവിധ്യങ്ങളും പകര്‍ത്തിയ 30 ചിത്രങ്ങള്‍ കാടകത്തിലുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ അല്ലാതെ കാട്ടിലെ വാച്ചര്‍മാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെയെടുത്ത ചിത്രങ്ങളാണിവ.

പറമ്പിക്കുളം, എരവികുളം, മറയൂര്‍, വയനാട്, പാലക്കാട്, പെരിയാര്‍, ചിമ്മിണി, മലക്കപ്പാറ, ഭൂതത്താന്‍ കെട്ട്, തേക്കടി, സൈലന്റ് വാലി, ചിന്നാര്‍, മൂന്നാര്‍, മീശപുലിമല തുടങ്ങിയ സ്ഥലങ്ങളിലെ വന ഭാവങ്ങളാണ് ചിത്രങ്ങളായി പകര്‍ത്തിയിട്ടുള്ളത്. ടൈഗര്‍ ശ്രീനിവാസന്‍ എന്നറിയപ്പെടുന്ന ട്രൈബല്‍ വാച്ചര്‍ പറമ്പിക്കുളത്തു നിന്നെടുത്ത പുലിയുടെ ചിത്രത്തില്‍ നിന്നാണ് പ്രദര്‍ശനത്തിന് തുടക്കം. കാട് കാക്കേണ്ടത് നാളേക്ക് വേണ്ടിയാണെന്നും അത് ഓരോ പൗരന്റെ ചുമതലയാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ചിത്രങ്ങളിലൂടെ കാടകത്തില്‍ ആവിഷ്‌ക്കരിക്കുന്നു.

കേരള സാഹിത്യ അക്കാദമിയില്‍ വെച്ചു നടന്ന 'കാടകം' ചിത്രപ്രദര്‍ശനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. കാടകത്തിന്റെ സംഘാടകരെ പ്രത്യേകം അനുമോദിക്കുന്നതായി കലക്ടര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യാതിഥിയായി. നമ്മുടെ ശ്വാസകോശമായ കാടുകള്‍ സംരക്ഷിക്കേണ്ടത് ആരുടെയും ഔദാര്യമല്ലെന്നും അവ നമ്മുടെ കടമയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. ചടങ്ങില്‍ പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു, ചാലക്കുടി ഡിഎഫ്ഒ സംബുദ്ധ മജുംദാര്‍, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍, പ്രോഗ്രാം ക്യുറേറ്റര്‍ പ്രവീണ്‍ പി മോഹന്‍ദാസ്, പീച്ചി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 11 വരെ ചിത്രപ്രദര്‍ശനം നീണ്ട് നില്‍ക്കും.

Tags:    

Similar News