കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓര്‍മിപ്പിച്ച് ഫോട്ടോ വണ്ടി പര്യടനം

Update: 2022-04-17 13:44 GMT

കോഴിക്കോട്: കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓര്‍മിപ്പിക്കാന്‍ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം, കായിക ചരിത്ര അവബോധം എന്നിവയും ഫോട്ടോ വണ്ടിയുടെ യാത്രയിലുടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കായിക കേരളത്തിന്റെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തിയ ഫോട്ടോ വണ്ടി പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ജന്മനാടായ പയ്യോളിയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ചാണ് ഫോട്ടോ വണ്ടി പര്യടനം നടത്തുന്നത്. 

കേരളത്തിന്റെ കായിക കുലപതി ജി.വി. രാജ, ഒളിമ്പ്യന്‍ പി.ടി ഉഷ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. 

ജില്ലയില്‍ പയ്യോളിയിലെയും വടകരയിലെയും പര്യടനത്തിന് ശേഷം വണ്ടി കണ്ണൂരിലേക്ക് പോകും. 13 ദിവസങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സമാപിക്കും. 

കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനപര്യടനം സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 30ന് തിരുവനന്തപുരം എന്‍ജിനീയേഴ്‌സ് ഹാളില്‍ അന്താരാഷ്ട്ര ഫോട്ടോ എക്‌സിബിഷന് തുടക്കമാകും. മെയ് ഒന്നുമുതല്‍ പത്ത് വരെ തലസ്ഥാനത്തെ പ്രമുഖ വേദികളിലായി പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സിന്റെ മാതൃകയില്‍ ഒരു കായിക മേള നടക്കുന്നത്. 

കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ പി.ടി ഉഷ, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ജോസഫ് വിശിഷ്ടാതിഥികളെ ആദരിച്ചു. കായികതാരം കിഷോര്‍ കുമാര്‍, കേരള പത്രപ്രവര്‍ത്തക യുണിയന്‍ മുന്‍പ്രസിഡന്റ് കമാല്‍ വരദൂര്‍, പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, നഗരസഭാംഗം കെ.ടി വിനോദ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍ സ്വാഗതവും സെക്രട്ടറി സി സത്യന്‍ നന്ദിയും പറഞ്ഞു. 

Tags:    

Similar News