ഫോണ്‍ ടാപ്പിംഗ്, ഡാറ്റ ചോര്‍ച്ച കേസ്; സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന് സമന്‍സ്

Update: 2021-10-09 17:05 GMT

മുംബൈ: ഫോണ്‍ ടാപ്പിംഗ്, ഡാറ്റ ചോര്‍ച്ച കേസില്‍ സിബിഐ ഡയറക്ടറും മുന്‍ മഹാരാഷ്ട്ര ഡിജിപിയുമായ സുബോധ് കുമാര്‍ ജയ്‌സ്വാളിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പോലീസ് സമന്‍സ് അയച്ചു.ഒക്ടോബര്‍ 14 ന് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ജയ്‌സ്വാളിന് സമന്‍സ് അയച്ചത്.

ജയ്‌സ്വാള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് (എസ്‌ഐഡി) നേതൃത്വം നല്‍കിയപ്പോള്‍ മഹാരാഷ്ട്രയിലെ പോലീസ് സ്ഥലം മാറ്റങ്ങളില്‍ അഴിമതി ആരോപിക്കപ്പെട്ട് ഐപിഎസ് ഓഫീസര്‍ രശ്മി ശുക്ല തയ്യാറാക്കിയ റിപോര്‍ട്ട് പുറത്തായതുമായി ബന്ധപ്പെട്ടാണ് കേസ്. അന്വേഷണത്തിനിടെ മുതിര്‍ന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ അനധികൃതമായി ടാപ്പുചെയ്തതായും റിപോര്‍ട്ട് മനപ്പൂര്‍വ്വം ചോര്‍ത്തിയതായും ആരോപണമുണ്ടായിരുന്നു, എന്നാല്‍ സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ശുക്ലയുടെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ പേര് ഇല്ല.

ബികെസി സൈബര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശുക്ലയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, 1885 ലെ സെക്ഷന്‍ 30 പ്രകാരം (അബദ്ധത്തില്‍ നല്‍കിയ സന്ദേശം വഞ്ചനാപരമായി സൂക്ഷിക്കുന്നു), സെക്ഷന്‍ 44 (ബി) (വിവരങ്ങള്‍ കൃത്യസമയത്ത നല്‍കുന്നതില്‍ പരാജയം്) കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, 2008 ലെ 66 (കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റകൃത്യം), ഔദ്യോഗിക രഹസ്യ നിയമത്തിന്റെ സെക്ഷന്‍ 5 (വിവരങ്ങളുടെ തെറ്റായ ആശയവിനിമയം) എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ജയ്‌സ്വാളിന് സമന്‍സ് അയച്ചത്.


Tags:    

Similar News