ഫോണ്‍ ടാപ്പിങ് ആരോപണം; മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു

Update: 2021-07-10 04:21 GMT

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവും നിയമസഭാ അംഗവുമായ നാന പാത്തോള്‍ നിയസഭയില്‍ ഉന്നയിച്ച ഫോണ്‍ടാപ്പിങിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ നേതൃത്വം നല്‍കുന്ന കമ്മിറ്റി മൂന്ന് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം.

നാന പത്തോള്‍ ഉന്നയിച്ച ആരോപണത്തില്‍ വസ്തു്തയുള്ളതായാണ് കരുതുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയനേതാക്കളുടെയും പ്രമുഖരുടെയും ഫോണ്‍ ബിജെപി ഭരണകാലമായ 2014-19 കാലത്ത് ചോര്‍ത്തിയെന്നാണ് ആരോപണം.

തെറ്റായ പേരുകള്‍ നല്‍കി പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ട്. നാന പത്തോളിന്റെ കേസിലും അതാണ് സംഭവിച്ചത്. ആഭ്യന്തര മന്ത്രി ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്- പവാര്‍ പറഞ്ഞു.

ദേശീയ സുരക്ഷയും പൊതുജനസുരക്ഷയും മുന്‍നിര്‍ത്തി ചോര്‍ത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ പ്രമുഖരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഫോണുകള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാന പത്തോള്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ നിയമസഭിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്.