തൊഴില്‍ ലഭിക്കാതിരുന്നത് മുസ്‌ലിമായതിനാല്‍; പച്ചക്കറി വില്‍പ്പന തൊഴിലാക്കിയ പിഎച്ച്ഡിക്കാരിയുടെ വീഡിയോ വൈറല്‍
ഇന്‍ഡോര്‍: ഇന്‍ഡോറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഒഴുക്കുള്ള ഇംഗ്ലീഷില്‍ സംസാരിക്കുന്ന പച്ചക്കറി വില്‍പ്പനക്കാരിയുടെ വീഡിയോ ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തില്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടാനൊരുങ്ങി സ്ഥലത്തെത്തിയ മുനിസിപ്പല്‍ അധികൃതരുമായി തര്‍ക്കിക്കുന്ന റയീസ അന്‍സാരിയായിരുന്നു വീഡിയോയില്‍ നിറഞ്ഞുനിന്നത്.
ഇംഗ്ലീഷിലുള്ള റയീസയുടെ പ്രതികരണത്തോടുള്ള കൗതുകം മറ്റ് ചില കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. റയീസ ഒരു പിഎച്ച്ഡിക്കാരിയാണെന്ന യാഥാര്‍ത്ഥ്യം.
ദേവി അഹല്യ സര്‍വ്വകലാശാലയില്‍ നിന്ന് 2011 ലാണ് മെറ്റീരിയല്‍ സയന്‍സില്‍ റയീസ പിഎച്ച്ഡി ബിരുദം നേടിയത്. തുടര്‍ ജീവിതത്തിന് വേറെ മാര്‍ഗമില്ലാതായതോടെ അവര്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന തുടങ്ങി. തന്റെ പേരും മതവുമാണ് തനിക്ക് ജോലി നിഷേധിക്കാന്‍ ഇടയാക്കിയതെന്ന് പച്ചക്കറി വില്‍പ്പനയിലേക്ക് തിരിയേണ്ടി വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റയീസ പറഞ്ഞു.
''ആരാണ് എനിക്ക് ജോലി തരിക, ആരാണ് എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുക. എന്റെ പേര് റയീസ അന്‍സാരി, അതുതന്നെയാണ് എനിക്ക് തൊഴില്‍ ലഭിക്കാത്തതിനും കാരണം- റയീസ കൂട്ടിച്ചേർത്തു.
മാര്‍ക്കറ്റ് പൊളിച്ചുനീക്കിയാല്‍ പിന്നെ ഇരുപതില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബം എങ്ങനെ ജീവിക്കുക. എവിടെയാണ് ഞങ്ങള്‍ പോവുക, കലക്ടറുടെ ഓഫിസിലോ മോദിയുടെ വീട്ടിലോ അതോ മുനിസിപ്പാലിറ്റിക്കു മുന്നിലോ ആണോ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടത്- മുനിസിപ്പൽ അധികൃതരെ കടുത്ത ഭാഷയിൽ റയീസ ചോദ്യം ചെയ്തു.
കഴിഞ്ഞ 50 വര്‍ഷക്കാലമായി റയീസയുടെ കുടുംബം ഇന്‍ഡോറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വില്പന നടത്തുന്നു. ഗവേഷണ ബിരുദം നേടിയെങ്കിലും പഠിച്ച പണി ലഭിക്കാതായതോടെ പിതാവിന്റെ വഴിയില്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പന തുടങ്ങി. ഇവിടെ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ചാണ് കുടുംബച്ചെലവുകള്‍ കഴിക്കുന്നത്.
