ഫൈസര്‍ ആന്റിവൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദം; ഒമിക്രോണിനെയും തടയും

Update: 2021-12-14 14:19 GMT

വാഷിങ്ടണ്‍: കൊവിഡിനെതിരേ ഫൈസര്‍ കമ്പനി വികസിപ്പിച്ച ആന്റിവൈറല്‍ ഗുളിക 90 ശതമാനത്തോളം ഫലപ്രദമമെന്ന് പഠനം. അതിവേഗം പടരുന്ന പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെതിരേയും ഈ ഗുളിക പ്രവര്‍ത്തിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

ഹൈ റിസ്‌ക് രോഗികളില്‍ നടത്തിയ ചികില്‍സയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും മരണവും ഒഴിവാക്കുന്നതില്‍ വായിലൂടെ നല്‍കുന്ന ഈ ഗുളിക 89 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. 1,200 പേരിലാണ് പഠനം നടത്തിയത്. വീണ്ടും 1000 പേരില്‍ കൂടി പരീക്ഷണം നടത്തിയാണ് ചൊവ്വാഴ്ച്ച പുതിയ ഫലം പുറത്തുവിട്ടത്.

നേരത്തേയുള്ള ആന്റിവൈറല്‍ മരുന്നായ റിട്ടോനാവിറിനൊപ്പമാണ് ഫൈസര്‍ ഗുളിക നല്‍കിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായി ഓരോ 12 മണിക്കൂര്‍ ഇടവിട്ട് അഞ്ച് ദിവസത്തേക്കാണ് മരുന്ന്.

മരുന്നിന് അംഗീകാരം ലഭിച്ചാല്‍ പാക്‌സ്ലോവിഡ് എന്ന പേരില്‍ വില്‍പ്പന നടത്തും. ഹൈറിസ്‌ക് രോഗികളില്‍ മരുന്ന് ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി അധികം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News