അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാക്കളുടെ മോചനം തേടി അലഹബാദ് ഹൈക്കോടതിയില്‍ ഹരജി

മഥുരയിലെ സിജെഎം പുറപ്പെടുവിച്ച റിമാന്‍ഡ് ഉത്തരവ് റദ്ദാക്കി ഹേബിയസ് കോര്‍പ്പസിന്റെ സ്വഭാവത്തില്‍ ഒരു റിട്ട് പുറപ്പെടുവിക്കാനും പ്രതികള്‍ക്ക് എതിരായുള്ള എഫ്ഐആര്‍ റദ്ദാക്കാനും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Update: 2020-11-06 18:53 GMT

മഥുര: ഹാഥ്‌റസിലേക്കു പോകുന്ന വഴി അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാക്കളുടെയും കാര്‍ ഡ്രൈവറുടെയും മോചനം തേടി അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇവരുടെ കൂടെ ഹാഥ്‌റസിലേക്കു പോകുന്ന വഴിയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. കാംപസ് ഫ്രണ്ട് നേതാക്കളായ അതിക് ഉര്‍ റഹ്‌മാന്‍, മസൂദ്, ഡ്രൈവര്‍ ആലം എന്നിവരെ മോചിപ്പിക്കുന്നതിന് യുപി സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്..അത്തിക് ഉര്‍ റഹ്‌മാന്റെ അമ്മാവനാണ് അഭിഭാഷകരായ ശശ്വത് ആനന്ദ്, സര്‍വേശ്വരി പ്രസാദ്, രാജേഷ് ഇനാംദാര്‍ എന്നിവര്‍ മുഖേന ഹരജി നല്‍കിയത്.

2020 ഒക്ടോബര്‍ 5 ന് മഥുരയില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഹരജിയില്‍ പറയുന്നുണ്ട്. ഐപിസിയുടെ 153-എ, 124-എ, 295-എ, യുഎപിഎയുടെ 17, 18 വകുപ്പുകള്‍ പ്രകാരവും 7ന് ഐടി നിയമത്തിലെ 65, 72, 75 വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 7ന് ഇവര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചതായും, മഥുരയിലെ സിജെഎം കോടതിയില്‍ ഹാജരാക്കിയതായും ഉച്ചതിരിഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും ഹരജിയില്‍ പറയുന്നു.

പ്രതികളെ മഥുര കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത് നിയമവിരുദ്ധമായിട്ടാണെന്നും ഹരജിയില്‍ പറയുന്നുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ്, 1967 (യുഎപിഎ) പ്രകാരമുള്ള ഏത് കുറ്റവും 2008 ലെ ദേശീയ അന്വേഷണ നിയമപ്രകാരം ഒരു ഷെഡ്യൂള്‍ഡ് കുറ്റമാണ്. 2008 ലെ എല്ലാ ഷെഡ്യൂള്‍ ചെയ്ത കുറ്റങ്ങളും ഈ നിയമത്തിലെ 13 (1) വകുപ്പ് പ്രകാരം പ്രത്യേക കോടതിയിലേക്ക് മാറ്റേണ്ടതുമാണ്. ഒക്ടോബര്‍ 12ലെ സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം മഥുര സിജെഎം കോടതിക്ക് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ അധികാരമില്ല. 'പരാതിക്കാര്‍ നിര്‍ഭാഗ്യകരമായ ഇരകളും പോലീസ് അധികാരികളുടെ ഉന്നതരുടെ ബലിയാടുകളുമാണ്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, ഇത് വകുപ്പുകളുടെ പരിശോധനയില്‍ നിന്ന് വ്യക്തമാണ്, അവര്‍ക്കെതിരെ എഫ്ഐആറില്‍ ചുമത്തിയ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, മഥുരയിലെ സിജെഎം പുറപ്പെടുവിച്ച റിമാന്‍ഡ് ഉത്തരവ് റദ്ദാക്കി ഹേബിയസ് കോര്‍പ്പസിന്റെ സ്വഭാവത്തില്‍ ഒരു റിട്ട് പുറപ്പെടുവിക്കാനും പ്രതികള്‍ക്ക് എതിരായുള്ള എഫ്ഐആര്‍ റദ്ദാക്കാനും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സിദ്ദീഖ് കാപ്പന്റെ മോചനത്തിനു വേണ്ടി കെയുഡബ്ല്യുജെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി 16ന് പരിഗണിക്കാനിരിക്കുകയാണ്.

Tags:    

Similar News