പ്രായപൂര്‍ത്തിയാവാത്തവരെ ബലാല്‍സംഗം ചെയ്യുന്നവരെ വന്ധ്യംകരിക്കാനുള്ള ബില്ലുമായി പെറു

Update: 2022-04-21 03:25 GMT

ലിമ: പ്രായപൂര്‍ത്തിയാവാത്തവരെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയും ശിക്ഷയുടെ അവസാനം വന്ധ്യംകരിക്കാനും അധികാരം നല്‍കുന്ന ബില്ലുമായി പെറു. പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റിലൊയാണ് പുതിയ ബില്ലിന്റെ ശക്തനായ വക്താവ്. 3 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ നീക്കം.

ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള അധികശിക്ഷയെന്ന നിലയിലാണ് ഇത് പരിഗണിക്കുന്നതെന്ന് നിയമമന്ത്രി ഫെലിക്‌സ് ഛെറൊ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ബലാല്‍സംഗം ചെയ്യുന്നവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരുംമുമ്പ് വന്ധ്യംകരിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

48 വയസ്സുള്ള ഒരാള്‍ മൂന്ന് മാസം പ്രായമായ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം പെറുവില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

യാഥാസ്ഥിതികനെന്ന് അറിയപ്പെടുന്ന മുന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നയാളാണ് ഇപ്പോഴത്തെ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലൊ.

കോണ്‍ഗ്രസ് പുതിയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ഇവരുടെ കൂടെ പിന്തുണയുണ്ടെങ്കിലേ ബില്ല് നിയമമാവൂ.

അതേസമയം ഈ ബില്ലിനോട് ആരോഗ്യമന്ത്രി ജോര്‍ജ് ലോപസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ലൈംഗിക പീഡനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഒന്നുമറിയില്ലെന്നാണ് വനിതാപ്രവര്‍ത്തകരുടെ നിലപാട്. നീതിന്യായവ്യവസ്ഥ ചടുലമായി പ്രവര്‍ത്തിച്ച് ശിക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് വനിതാവിമോചന സംഘടനയായ ഫ്‌ലോറ ട്രിസ്താന്‍ ട്വീറ്റ് ചെയ്തു.