ഓപ്പണ്‍ സര്‍വ്വകലാശാല നടത്താനുദ്ദേശിക്കുന്ന കോഴ്‌സുകള്‍ ഒഴികെയുള്ളവ മറ്റ് സര്‍വ്വകലാശാലകള്‍ക്ക് നടത്താന്‍ അനുമതി
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്‌സുകളും 5 പി.ജി. കോഴ്‌സുകളും ഒഴികെയുള്ള മറ്റ് കോഴ്‌സുകള്‍ യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വര്‍ഷം തുടര്‍ന്ന് നടത്താന്‍ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ തുടങ്ങിയ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കി ഉത്തരവായിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് ശ്രീ. വി.ഡി. സതീശന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമാണ് മറ്റ് സര്‍വ്വകലാശാലകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെയോ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നത്. ഓപ്പണ്‍ സര്‍വ്വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിക്കുന്നതുവരെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസംെ്രെപവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ യു.ജി.സിയുടെ അംഗീകാരം 2022 സെപ്റ്റംബറോടു കൂടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആ അനുമതി ലഭിക്കുന്നില്ലെങ്കില്‍ മാത്രം മറ്റ് സര്‍വ്വകലാശാലകള്‍ക്ക് ഈ വര്‍ഷം വിദൂരവിദ്യാഭ്യാസം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കുമെന്ന് സര്‍വ്വകലാശാലകളെ അറിയിച്ചിരുന്നു. ഈ സര്‍ക്കുലറിനെതിരെ സമര്‍പ്പിച്ച റിട്ട് പരാതികളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അക്കാദമിക വര്‍ഷം മറ്റു കോഴ്‌സുകള്‍ തുടര്‍ന്ന് നടത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പുതിയകോഴ്‌സുകള്‍ക്ക് യു.ജി.സി. ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 31ന് ആയിരുന്നു. ഒ.ഡി.എല്‍. സമ്പ്രദായത്തില്‍ ഓരോ കോഴ്‌സിനും പ്രത്യേകം യു.ജി.സി. അനുമതി ആവശ്യമാണ്. മെയ് 28 നുതന്നെ ഇതിനുവേണ്ട രേഖകള്‍ മുഴുവന്‍ സര്‍വ്വകലാശാല യു.ജി.സിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് യുജിസി ആവശ്യപ്പെട്ട വിശദാംശങ്ങളും ബന്ധപ്പെട്ട രേഖകളും നിശ്ചിത സമയത്തു തന്നെ നല്‍കിയിട്ടുണ്ട്. അപേക്ഷ പരിശോധിച്ച യു.ജി.സി, സര്‍വകലാശാലയില്‍ വിദഗ്ധസമിതിയുടെ വെര്‍ച്വല്‍ വിസിറ്റ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ കോഴ്‌സുകളുടെ അനുമതി സംബന്ധിച്ച അന്തിമതീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്നു. യു.ജി.സിയുടെ അന്തിമഅനുമതി ലഭിച്ചാല്‍ ഈ അക്കാദമിക് സെഷനില്‍ തന്നെ മേല്‍പറഞ്ഞ കോഴ്‌സുകള്‍ തുടങ്ങാന്‍ സാധിക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ഈ കോഴ്‌സുകള്‍ നടത്തുന്നതിനുള്ള അനുമതി ഈ അക്കാദമിക് വര്‍ഷം ലഭിക്കാതെ വന്നാല്‍ മറ്റ് സര്‍വ്വകലാശാലകള്‍ക്ക് ഈ കോഴ്‌സുകള്‍ നടത്താനുള്ള അനുമതി നല്‍കാവുന്നതാണെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു നിയമസഭയില്‍ പറഞ്ഞു.
