കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ പാലക്കാട്ടെ കാടന്‍കാവില്‍ ബസ്സ് സര്‍വീസിന് പ്രവര്‍ത്തനാനുമതി
തിരുവനന്തപുരം: കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ ബസ്സിന് അനുമതി നിഷേധിച്ച നടപടി ഗതാഗത വകുപ്പ് പിന്‍വലിച്ചു. ഗതാഗതി മന്ത്രി ആന്റണി രാജു ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടുകാരുടെയും യാത്രക്കാരുടെയും സത്യസന്ധതയെ വിശ്വസിച്ച് നടത്തുന്ന ഒരു സംവിധാനത്തെ മാനിക്കണമെന്നതുകൊണ്ടാണ് ചട്ടവിരുദ്ധമാണെങ്കിലും അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയ പാലക്കാട്ടെ കാടന്‍കാവില്‍ ബസ്സ് സര്‍വീസിനാണ് അനുമതി നിഷേധിച്ചത്. ഈ നടപടിക്കെതിരേ നിരവധി പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിരുന്നു. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റ് നല്‍കി സര്‍വീസ് നടത്തുമ്പോള്‍ കണ്ടക്ടര്‍ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നല്‍കുന്നില്ല. യാത്രക്കാര്‍ പണപ്പെട്ടിയില്‍ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാല്‍ അത്തരം ബസുകള്‍ക്ക് കണ്ടക്ടര്‍ വേണമെന്നില്ല. അതുകൊണ്ട് അവര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
''കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസില്‍ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്. മോട്ടോര്‍ വാഹനനിയമ പ്രകാരം ബസ് സര്‍വീസിന് കണ്ടക്ടര്‍ അനിവാര്യമായതിനാല്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് സ്വകാര്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാല്‍ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.''-മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
