പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

Update: 2020-12-16 16:27 GMT

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. ജനുവരി 4 മുതല്‍ ഉച്ചവരെയും ജനുവരി 18 മുതല്‍ വൈകീട്ടു വരെയും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ കമലാകണ്ണന്‍ പറഞ്ഞു.

ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ സമയ ക്രമം സഹായിക്കുമെന്നും സംശയങ്ങള്‍ തീര്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിലവില്‍ പുതുച്ചേരിയിലെ കോളേജുകള്‍ നാളെ മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമുകളിലും വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ശാരീരിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. സ്റ്റാഫ് റൂമുകള്‍, ഓഫീസ് മുറികള്‍, ലൈബ്രറി, കാന്റീന്‍ എന്നിവടങ്ങളിലും ശാരീരിക അകലം പാലിക്കണം. കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.




Similar News