കോക്ലിയര്‍ ഇംപ്ലാന്റ്, മറ്റ് ഹിയറിംഗ് എയ്ഡുകള്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കും: മുഖ്യമന്ത്രി

പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനങ്ങളിലെയും ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ തുടര്‍ച്ചയായ അടച്ചിടുന്നതുമൂലം നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കും.

Update: 2020-04-13 17:24 GMT

തിരുവനന്തപുരം: കോക്ലിയര്‍ ഇംപ്ലാന്റ്, മറ്റ് ഹിയറിംഗ് എയ്ഡുകള്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറ്റില കര്‍ഷകര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വെറ്റില മാര്‍ക്കറ്റിലെത്തിക്കാന്‍ ഇളവുനല്‍കും. പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനങ്ങളിലെയും ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ തുടര്‍ച്ചയായ അടച്ചിടുന്നതുമൂലം നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കും.

സ്വര്‍ണപണയം പല സ്ഥലത്തും എടുക്കുന്നില്ല. ഗ്രാമീണ ജനങ്ങളുടെ പെട്ടെന്നുള്ള ധനസ്രോതസ്സ് അതോടെ അടയുകയാണ്. സ്വര്‍ണപണയ വായ്പ നല്‍കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ പണയം എടുക്കുന്നത് ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംസാരിക്കും. അപ്രൈസര്‍മാര്‍ക്ക് വരുമാനം ഇല്ലാതായത് ശ്രദ്ധിക്കണം എന്നും ബാങ്കുകളോട് അഭ്യര്‍ത്ഥിക്കും.

കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നതും നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുന്നതും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിലപാടെടുക്കണം.

ഡയാലിസിസ് രോഗികളെ ആശുപത്രിയിലേക്കും തിരികെയും എത്തിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസേവകരുടെ സേവനങ്ങളും ഉറപ്പാക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോര്‍ട്ടു ചെയ്തത് ഗൗരവമായാണ് കാണുന്നത്. ഇത് ശ്രദ്ധിക്കുകയും വ്യാപനം തടയുകയും വേണം. അതോടൊപ്പം മാലിന്യനിര്‍മാര്‍ജനം, കൊതുക് നശീകരണം തുടങ്ങിയ പരിപാടികള്‍ തീവ്രമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലക്ഷദ്വീപുകാര്‍ കേരളത്തിനകത്ത് ധാരാളം പേരുണ്ട്. അവര്‍ വിവിധ കാര്യങ്ങള്‍ക്ക് കേരളത്തെയാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വിവിധ കാര്യങ്ങള്‍ക്ക് അവര്‍ എത്തിച്ചേരുന്നു. ഈ ഘട്ടത്തില്‍ കൈവശമുള്ള പണം തീര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ലക്ഷദ്വീപുകാരായ പലരും. ഇത്തരക്കാര്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യം നല്‍കും.  

Tags:    

Similar News