പാലക്കാട്: നെല്‍വയല്‍ നികത്തി പാലക്കാട്ട് അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കി. കല്‍മണ്ഡപം ലാന്റ് ലിങ്ക്‌സ് ഫ്‌ളാറ്റിനാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ഫ്‌ളാറ്റ് നില്‍ക്കുന്ന സ്ഥലം ഡാറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സും ധനകാര്യ പരിശോധന വിഭാഗവും കണ്ടെത്തിയിരുന്നു.
വീട് നിര്‍മിക്കാനായി നാലും അഞ്ചും സെന്റ് ഭൂമി തരം മാറ്റാനായി സാധാരണക്കാര്‍ നല്‍കുന്ന അപേക്ഷകള്‍ തള്ളിക്കളയുമ്പോള്‍ വന്‍കിടക്കാര്‍ക്ക് എല്ലാം സുഗമമായി നടക്കുന്നുവെന്ന പരാതി വ്യാപകമാണ്.
നെല്‍വയല്‍ നികത്തിയാണ് പാലക്കാട്ടെ ലാന്റ് ലിങ്ക്‌സ് ഫ്‌ളാറ്റ് നിര്‍മിച്ചത്. നഗരത്തിലേക്ക് വഴി ലഭിക്കാനായി ഇല്ലാത്ത ആളുകളുടെ പേരില്‍ അപേക്ഷ നല്‍കി കനാലിന് കുറുകെ പാലം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു.
ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം തുകയും കെട്ടിടം നിര്‍മിച്ചതിന്റെ ഫീസും ഉള്‍പെടെ 69,93,346 രൂപ ഈടാക്കിയാണ് ഫ്‌ളാറ്റിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.