പെരിയകേസിന് ഖജനാവില്‍നിന്ന് ചെലവഴിച്ച 88 ലക്ഷം സിപിഎം തിരിച്ചടയ്ക്കണം: ഉമ്മന്‍ ചാണ്ടി

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസില്‍ ഖജനാവില്‍ നിന്ന് അഭിഭാഷകര്‍ക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസില്‍ 75.40 ലക്ഷം രൂപയും.

Update: 2021-12-02 12:44 GMT

തിരുവനന്തപുരം: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള 5 സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഈ കേസിനു വേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടച്ചടക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ ആവശ്യത്തിന് എതിര്‍ പാര്‍ട്ടിക്കാരുടെ ജീവനെടുത്ത ശേഷം പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് സുപ്രീംകോടതി അഭിഭാഷകരെയും മറ്റും സര്‍ക്കാര്‍ ചെലവില്‍ ഇറക്കുമതി ചെയ്യുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

2021 ഏപ്രില്‍ 17നു അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസില്‍ ഖജനാവില്‍ നിന്ന് അഭിഭാഷകര്‍ക്ക് അന്നുവരെ 88ലക്ഷം രൂപയാണ് നല്കിയത്. ഷുഹൈബ് വധക്കേസില്‍ 75.40 ലക്ഷം രൂപയും. ഏപ്രില്‍ 17നുശേഷം അനുവദിച്ച തുക ഈ പട്ടികയിലില്ല.

സംസ്ഥാനത്ത് ഒരു അഡ്വക്കേറ്റ് ജനറല്‍, ഒരു സ്‌റ്റേറ്റ് അറ്റോര്‍ണി, ഒരു ഡിജിപി രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, 2 അഡീഷണല്‍ ഡിജിപിമാര്‍ എന്നിവരും 150ഓളം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും ഉള്ളപ്പോഴാണ് കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ ഈടാക്കുന്ന അഭിഭാഷകരെ കൊണ്ടുവന്നത്.

പെരിയ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഏതു വിധേനയും സിബിഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ പോയത്. എന്നാല്‍ നീതിപീഠത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് സിബിഐ അന്വേഷണം സാധ്യമായതും സിപിഎമ്മുകാരായ പ്രതികള്‍ അറസ്റ്റിലായതും. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത്.

പെരിയകേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയതും വന്‍ വിവാദമായിരുന്നു. ശിലായുഗത്തിലാണ് ഇപ്പോഴും സിപിഎമ്മെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

നാടാര്‍ ജനവിഭാഗത്തെ സര്‍ക്കാര്‍ വഞ്ചിച്ചു

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതും ആയിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാടാര്‍ ജനവിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പുപറയണം.

102ാം ഭരണഘടാ ഭേദഗതിയനുസരിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്നും വ്യക്തമായ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുക്കാതിരുന്നത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2021 ഫെബ്രുവരി ആറിന് ഉത്തരവിറക്കിയത്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്ന് അന്നേ വ്യക്തമായിരുന്നു.

ഫെബ്രുവരിയിലെ ഉത്തരവ് പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താന്‍ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയ പശ്ചാത്തലത്തില്‍ പുതിയ ഉത്തരവ് ഇറക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിന്റെ പ്രായോഗികവും നിയമപരവുമായ വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags:    

Similar News