പേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

Update: 2022-05-18 11:07 GMT

ന്യൂഡല്‍ഹി: പേരറിവാളന്റെ മോചനത്തില്‍ ജനാധിപത്യശക്തികള്‍ പൊതുവെ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ നിരാശയും ദുഃഖവും പങ്കുവച്ച് കോണ്‍ഗ്രസ് നേതൃത്വം. രാജീവ് ഗാന്ധിയുടെ ഘാതകന് രക്ഷപ്പെടാനും മോചനം ലഭിക്കാനും സര്‍ക്കാര്‍ സന്ദര്‍ഭം സൃഷ്ടിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സര്‍ദേശായിയാണ് പേരറിവാളന്റെ മോചനത്തിനെതിരേ ആഞ്ഞടിച്ചത്. ഇതൊക്കെയാണെങ്കിലും ഇന്ത്യയിലും ഭാരതീയതയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'ഒരു ഭീകരന്‍ ഒരു ഭീകരനാണ്, അയാളെ അങ്ങനെത്തന്നെ പരിഗണിക്കണം. രാജീവ് ഗാന്ധിയുടെ ഘാതകനെ വിട്ടയക്കാനുള്ള സുപ്രിം കോടതി വിധിയില്‍ ഞങ്ങള്‍ക്ക് കടുത്ത വേദനയും നിരാശയുമുണ്ട്'- അദ്ദേഹം പറഞ്ഞു.

ഒരു മുന്‍ പ്രധാനമന്ത്രിയുടെ ഘാതകനെ വിട്ടയച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ന് രാജ്യത്തിന് സങ്കടകരമായ ദിവസമാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകനിലും മാത്രമല്ല, ഇന്ത്യയിലും ഭാരതീയതയിലും വിശ്വസിക്കുന്ന, തീവ്രവാദത്തിനെതിരെയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന എല്ലാ ശക്തികള്‍ക്കെതിരെയും പോരാടുന്നതില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനിലും ദുഃഖവും രോഷവുമുണ്ട്- അദ്ദേഹം റിപോര്‍ട്ടര്‍മാരോട് പ്രതികരിച്ചു.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രിംകോടതിയാണ് ഉത്തരവിട്ടത്. പേരറിവാളനെ മോചിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവില്‍ പാര്‍പ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട മുപ്പതു വര്‍ഷത്തിനു ശേഷമാണ് പേരറിവാളന്റെ മോചനം.

Tags: