രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍

Update: 2020-11-06 12:13 GMT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോള്‍. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്.. രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്.

അതേസമയം, പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ രണ്ട് വര്‍ഷമായിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജസ്റ്റീസുമാരായ എല്‍. നാഗേശ്വര റാവു, അജയ് റസ്തോഗി, ഹേമന്ത് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്. കോടതികള്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സന്ദര്‍ഭങ്ങള്‍ ഹാജരാക്കാന്‍ പേരറിവാളന്റെ അഭിഭാഷകനോട് ജസ്റ്റിസ് റാവു ആവശ്യപ്പെട്ടു. എന്നാല്‍ രാജീവ് വധത്തിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐയുടെ റിപോര്‍ട്ട് കിട്ടാതെ നടപടിയെടുക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാടെന്ന് തമിഴ്നാട് അഡി. അഡ്വക്കേറ്റ് ജനറല്‍ ബാലാജി ശ്രീനിവാസന്‍ കോടതിയെ അറിയിച്ചു.

29 വര്‍ഷം മുമ്പ് നടന്ന രാജീവ് വധത്തിനുപിന്നില്‍ പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014 ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്. സിബിഐ അന്വേഷിച്ച കേസില്‍ നിയമതടസങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ തീരുമാനം വൈകുന്നത്. കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോള്‍ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്.