പേരാമ്പ്ര സംഘര്‍ഷം: എസ്ടിയുവുമായി ചേര്‍ന്ന് സിഐടിയു

സംയുക്ത മത്സ്യവിതരണ തൊഴിലാളി യൂണിയനെന്ന നിലയില്‍ പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ സിഐടിയു എസ്ടിയു പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു.

Update: 2020-08-23 09:55 GMT

കോഴിക്കോട്: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സിഐടിയു രംഗത്ത്. മാര്‍ക്കറ്റിനകത്ത് മത്സ്യ കച്ചവടം നടത്തുന്ന സിഐടിയു പ്രവര്‍ത്തകരാണ് സിപിഎമ്മിനെതിരെ രംഗത്ത് വന്നത്. അക്രമവുമായി ബന്ധപ്പെട്ട് കേസുള്ള സിപിഎം നേതാവ് വി കെ പ്രമോദിനെതിരെ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സിഐടിയു പ്രവര്‍ത്തകര്‍ ആരോപണമുന്നയിക്കുന്നുമുണ്ട്.

സംയുക്ത മത്സ്യവിതരണ തൊഴിലാളി യൂണിയനെന്ന നിലയില്‍ പ്രശ്‌നത്തില്‍ നിലപാടെടുക്കാന്‍ സിഐടിയു എസ്ടിയു പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. മത്സ്യവില്‍പ്പനകേന്ദ്രത്തെ തകര്‍ക്കാനും തൊഴില്‍ നഷ്ടപ്പെടുത്താനും മാര്‍ക്കറ്റില്‍ വന്നവരെ നിലവിലെ തൊഴിലാളികള്‍ ഒരുമിച്ചാണ് തടഞ്ഞതെന്നും ഇതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ഇവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മത്സ്യമാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും സംയുക്ത മത്സ്യവിതരണതൊഴിലാളി യൂണിയന്‍ യോഗം ആവശ്യപ്പെട്ടു.

മാര്‍ക്കറ്റില്‍ ജോലിക്കായി എത്തിയ സി.ഐ.ടി.യു. പ്രവര്‍ത്തകരും മാര്‍ക്കറ്റിലെ എസ്.ടി.യു. പ്രവര്‍ത്തകരുമാണ് വ്യാഴാഴ്ച രാവിലെ ഏറ്റുമുട്ടിയിരുന്നത്. മത്സ്യമാര്‍ക്കറ്റില്‍ തൊഴില്‍, ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ജനപ്രതിനിധി തന്നെ മറ്റുതൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ കൂട്ടി മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് യോഗം ആരോപിച്ചു. എസ്.ടി.യു. യൂണിറ്റ് പ്രസിഡന്റ് എം.കെ.സി. കുട്ട്യാലി സി.ഐ.ടി.യു. യൂണിറ്റ് പ്രസിഡന്റ് പി.വി. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News