ക്വട്ടേഷന്‍ -ലഹരി മാഫിയകള്‍ക്കെതിരേ ജനകീയ പ്രതിരോധം ഉയര്‍ന്നു വരണം: എസ് ഡിപിഐ

സമൂഹം ഒരുമിച്ച് മാഫിയ സംഘങ്ങള്‍ക്കെതിരേ രംഗത്ത് വരുമ്പോള്‍ ഇരിട്ടി മേഖലയിലെ ലീഗുകാര്‍ സമരം നടത്തുന്നത് എസ്ഡിപിഐക്കെതിരെയാണ്. ഇത് ചില കൂട്ടുകച്ചവടങ്ങള്‍ മറച്ചുവെക്കാനാണോയെന്ന് സംശയിക്കണം.

Update: 2021-06-30 13:35 GMT

ഇരിട്ടി: കണ്ണൂര്‍ ജില്ലയില്‍ വര്‍ധിച്ചു വരുന്ന ക്വട്ടേഷന്‍-ലഹരി-സ്വര്‍ണക്കടത്ത്-ഗുണ്ടാ മാഫിയകള്‍ക്കെതിരേ ജനകീയ പ്രതിരോധം ഉയര്‍ന്നു വരണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീര്‍ കീച്ചേരി. നാടിനാപത്തായ ക്വട്ടേഷന്‍ സ്വര്‍ണ്ണക്കടത്ത് മാഫിയകള്‍ക്കെതിരേ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന കാംപയിന്റെ ഭാഗമായി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തികൊണ്ടുവരുകയും നാടിനെ തകര്‍ക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊതുസമൂഹം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും വേണം. സമൂഹം ഒരുമിച്ച് മാഫിയ സംഘങ്ങള്‍ക്കെതിരേ രംഗത്ത് വരുമ്പോള്‍ ഇരിട്ടി മേഖലയിലെ ലീഗുകാര്‍ സമരം നടത്തുന്നത് എസ്ഡിപിഐക്കെതിരെയാണ്. ഇത് ചില കൂട്ടുകച്ചവടങ്ങള്‍ മറച്ചുവെക്കാനാണോയെന്ന് സംശയിക്കണം. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ പ്രതികരിച്ചതിനാണ് കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തലവനായ കട്ട റഊഫ് എന്ന ലീഗുകാരന്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ ഫാറൂഖിനെ കുത്തിക്കൊന്നത്. ജില്ലയിലെ പല പ്രദേശങ്ങളിലും ഇത്തരം മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎം വളര്‍ത്തിയെടുത്ത ആകാശ് തില്ലങ്കേരിയാണ്. നാടിനെ അപകടത്തിലേക്ക് തളളിവിടുകയും ഭാവി തലമുറയെ തകര്‍ക്കുകയും ചെയ്യുന്ന സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ ഇല്ലാതെ ജനങ്ങള്‍ ശക്തമായി രംഗത്തിറങ്ങണമെന്നും സജീര്‍ കീച്ചേരി അഭ്യര്‍ത്ഥിച്ചു. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട്, മണ്ഡലം വൈസ്:പ്രസിഡന്റ് എം കെ യൂനുസ്, ജോ. സെക്രട്ടറി സി എം നസീര്‍, യൂനുസ് വിളക്കോട് സംബന്ധിച്ചു.

Tags: