മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ല, പക്ഷേ അത് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: ശരത് പവാര്‍

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ലെന്നും, എന്നാല്‍ െ്രെപമറി ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍. രാജ്യത്തെ ജനസംഖ്യയുടെ 55 ശതമാനം പേരും ഹിന്ദി സംസാരിക്കുന്നവരാണെന്നും അത് അവഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.'ഒന്ന് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഈ കാലഘട്ടത്തില്‍ മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്,'പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് ഭാഷാ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. ഏപ്രില്‍ 16 നായിരുന്നു ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിവാദ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ ഈ വ്യവസ്ഥ സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതി ഫ്രെയിംവര്‍ക് 2024ല്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ശിവസേന, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഹിന്ദി ഭാഷയെ ഓപ്ഷണല്‍ എന്ന വിഭാഗമായി ഭേദഗതി ചെയ്തു. എന്നാല്‍ ഇതിനെതിരോയും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
2025-26 അധ്യയന വര്‍ഷം മുതല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള വിശദമായ പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായി ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യം.