കേരളം പോലെയായാല്‍ യുപിയില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല്ലപ്പെടില്ല;യോഗിക്ക് മറുപടിയുമായി പിണറായി

ഉത്തര്‍പ്രദേശിനെ കേരളത്തെ പോലയാക്കണമെങ്കില്‍ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്ന് യെച്ചൂരി പറഞ്ഞു

Update: 2022-02-10 08:58 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.യോഗി ഭയക്കുന്നത് പോലെ യുപി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ലെന്നും,അത് തന്നെയായിരിക്കും യുപി ജനത ആഗ്രഹിക്കുന്നതെന്നുമാണ് പിണറായി വിജയന്റെ മറുപടി.തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു യോഗിക്ക് പിണറായി മറുപടി നല്‍കിയത്.

യുപി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും,ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും സാഹോദര്യമുള്ള സമൂഹവുമുണ്ടാകുമെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകാതിരിക്കാന്‍ കരുതല്‍ വേണമെന്നാണ് യോഗിയുടെ പരാമര്‍ശം.യോഗിയുടെ പ്രസ്താവനയ്‌ക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു. നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം വിഷയത്തില്‍ തിരിച്ചടിച്ചത്.ഉത്തര്‍പ്രദേശിനെ കേരളത്തെ പോലയാക്കണമെങ്കില്‍ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.

Tags:    

Similar News