നഗരസഭയില്‍ കോടികളുടെ പെന്‍ഷന്‍ തട്ടിപ്പ്; മുന്‍ ക്ലര്‍ക്ക് പിടിയില്‍

Update: 2025-08-27 11:33 GMT

കോട്ടയം: നഗരസഭയിലെ കോടികളുടെ പെന്‍ഷന്‍ തട്ടിപ്പില്‍ പ്രതിയായ കൊല്ലം മങ്ങാട് സ്വദേശി അഖില്‍ സി വര്‍ഗീസ് വിജിലന്‍സ് സംഘത്തിന്റെ വലയിലായി. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഏകദേശം രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരുവര്‍ഷത്തോളമായി അഖില്‍ ഒളിവിലായിരുന്നു. വ്യാജ രേഖകള്‍ തയ്യാറാക്കി പെന്‍ഷന്‍ തുക കൈക്കലാക്കിയെന്നാണ് കേസ്.

ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് വിജിലന്‍സിന് കൈമാറുകയായിരുന്നു. നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തിലെ മുന്‍ ക്ലര്‍ക്കായിരുന്ന അഖില്‍, അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്‍ഷന്‍ തുക അനധികൃതമായി മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഓരോ മാസവും 5 ലക്ഷം രൂപ വീതമാണ് അക്കൗണ്ടിലേക്ക് കൈമാറിയത്. 2020 മുതല്‍ 2023 വരെ നീണ്ടുനിന്ന തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്.

വൈക്കം നഗരസഭയിലാണ് ഇപ്പോള്‍ അഖില്‍ ജോലി ചെയ്യുന്നത്. വാര്‍ഷിക കണക്കുകളുടെ വിശകലനത്തിനിടെ അപാകതകള്‍ കണ്ടെത്തിയതോടെയാണ് കേസ് വെളിച്ചത്ത് വന്നത്. നഗരസഭയിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുമ്പോള്‍, പെന്‍ഷന്‍ ലഭിക്കേണ്ട ഷ്യാമള പി എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് അനധികൃതമായി പണം അയച്ചതാണെന്ന് കണ്ടെത്തി. അഖിലിന്റെ അമ്മയുടെ പേരും ഷ്യാമള പി ആയതിനാല്‍, ആ പേരുപയോഗിച്ചാണ് തുക കൈപ്പറ്റിയത്.



Tags: