പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ആക്രമണ തന്ത്രം തീരുമാനിക്കാന്‍ ഇന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. ദേശീയ സുരക്ഷയുടെയും കാര്‍ഷിക നിയമത്തിന്റെയും കാര്യത്തില്‍ മുഴുവന്‍പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ശിവ്‌സേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു.
പെഗസസ് വിവാദത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിക്കുകയാണെങ്കില്‍ സമാനമായി ചിന്തിക്കുന്ന പ്രതിപക്ഷകക്ഷികള്‍ യോഗം ചേരാന്‍ കഴിഞ്ഞ ദിവസം തന്നെ നേതാക്കള്‍ ആലോചിച്ചിരുന്നു.
പെഗസസ് പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലാണ്. പല തവണ പാര്‍ലമെന്റ് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.
പെഗസസ് എന്ന ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രിംകോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണു ചോര്‍ത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്.
