പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; തൃണമൂല്‍ എംപി ശാന്തനു സെന്‍ ഐടി മന്ത്രിയില്‍ നിന്ന് പ്രസ്താവന തട്ടിയെടുത്ത് കീറിക്കളഞ്ഞു

Update: 2021-07-22 10:13 GMT

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തോടെ രാജ്യസഭ നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. ഉച്ചകഴിഞ്ഞ് രാജ്യസഭ ചേര്‍ന്നപ്പോള്‍ ഐടി മന്ത്രി അശ്വിന്‍ വൈഷ്ണവിന്റെ കയ്യില്‍ നിന്ന് പെഗസസ് വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവന രാജ്യസഭാ അംഗം ശാന്തനു സെന്‍ തട്ടിയെടുത്ത് കീറിയെറിഞ്ഞു. തുടര്‍ന്ന് ബിജെപി, തൃണമൂല്‍ എംപിമാരുമായി വലിയ വാക്ക് തര്‍ക്കം നടന്നു. ലോക്‌സഭാ മാര്‍ഷല്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിങ് പുരിയും തൃണമൂല്‍ എംപി ശാന്തനു സെന്നു തമ്മില്‍ വലിയ തര്‍ക്കം നടന്നിരുന്നു. അതാണ് ഐടി മന്ത്രിയുടെ കയ്യില്‍ നിന്ന് പ്രസ്താവന എഴുതിയ പേപ്പര്‍ തട്ടിയെടുക്കുന്നതിലേക്ക് നയിച്ചത്. ശാന്തനുവിന്റെ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് ഐടി മന്ത്രി പറഞ്ഞു.

ബിജെപി എംപി സ്വപന്‍ ദാസ് ഗുപ്ത ശാന്തനുവിനെതിരേ രംഗത്തുവന്നു. സഭ പ്രസ്തുത നടപടിയെ അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാളില്‍ എതിരാളികളെ കൊന്നുകളയുന്ന, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ഒന്നും അന്യമല്ലെന്ന് ബിജെപി എംപി മഹേഷ് പോഡര്‍ വിമര്‍ശിച്ചു.

പെഗസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ മാധ്യമ, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്ന വാര്‍ത്ത പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നാണ് ബിജെപിയുടെ വാദം. ഐടി മന്ത്രിയും ഇതേ കാര്യമാണ് പറഞ്ഞത്. ഇതില്‍ പ്രകോപിതനായാണ് എംപി പ്രസ്താവന കീറിയെറിഞ്ഞത്.

Similar News