കോഴിക്കോട്: ഗവർണറുടെ ഓഫീസിൽ നിന്നും ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വച്ച് മീഡിയവൺ കൈരളി ചാനലുകളെ ഇറക്കിവിടാൻ ബഹളം കൂട്ടിയ ഗവർണർ ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് വരുത്തിവച്ച നാണക്കേട് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ പ്രയോക്താവായി ഗവര്‍ണ്ണര്‍ മാറുകയും നാലാംകിട രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്ക് താഴുകയും ചെയ്യുന്നത് ജനാധിപത്യത്തിന് കളങ്കമാണ്.
ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കേരളത്തിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാകാത്തതിലുള്ള അരിശം തീർക്കുന്ന കേവലമൊരു കവല ചട്ടമ്പിയെപ്പോലെയാണ് കഴിഞ്ഞ കുറേ നാളുകളായി ഗവർണർ പെരുമാറി കൊണ്ടിരിക്കുന്നത് .
ജാതി-മത-വർഗ്ഗ-വർണ്ണ വിത്യാസമില്ലാതെ കഴിയുന്ന കേരളത്തിൽ കിണഞ്ഞു പരിശ്രമിച്ചിട്ടും എങ്ങും എത്താൻ കഴിയാത്തതിലുള്ള അമർഷം ബിജെപിയും സംഘപരിവാറും ഗവർണറലുടെ പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നതിൻറെ ഒടുവിലത്തെ അടയാളമാണ് ഇന്നത്തെ നടപടി.
സംസ്ഥാനത്തിൻറെ സുഗമമായ മുന്നോട്ടുപോക്കിന് ഗവർണറെ തിരികെ വിളിക്കുവാൻ രാഷ്ട്രപതി തയ്യാറാകണമെന്ന് പിഡിപി അഭിപ്രായപ്പെട്ടു.
ഗവർണറുടെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് ധീരമായ നിലപാട് സ്വീകരിച്ച റിപ്പോർട്ടർ ചാനലിൻ്റെയും നികേഷ് കുമാറിൻ്റെയും നടപടിയെ പിന്തുണയ്ക്കുന്നതായും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ പറഞ്ഞു.
