ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ടെന്ന് പി സി ജോര്‍ജ്
കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ(എഫ്‌സിആര്‍എ)ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ച് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി സി ജോര്‍ജ്. കുറച്ച് പിതാക്കന്മാര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനം പറയും. ഞാന്‍ ഇതു പരിഗണിക്കുന്നില്ല. ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാല്‍ ഹാലിളകുന്നു. അവര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും പി സി ജോര്‍ജ് വിമര്‍ശിച്ചു.
രാജ്യത്ത് രണ്ടേകാല്‍ ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. ബിജെപിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും പി സി ജോര്‍ജ് വിമര്‍ശിച്ചു. ക്രിസ്ത്യാനികളെ ഇത്രയും കൂടുതല്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടി വേറെയില്ല. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍പോലും ഇത്രയും ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവച്ച് ബിഷപ്പുമാര്‍ ഊളത്തരം പറയാന്‍ പാടില്ലെന്നും നിയമഭേദഗതിയില്‍ ആര്‍ക്കും ആശങ്ക ആവശ്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.