നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് പിസി ജോര്‍ജെന്ന് പ്രോസിക്യൂഷന്‍; കേസ് 17ലേക്ക് മാറ്റി

പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കല്‍ ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍

Update: 2022-05-11 07:38 GMT

തിരുവനന്തപുരം: പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കല്‍ ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ കോടതി മാറ്റി. ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പിസി ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി.

എന്നാല്‍, സര്‍ക്കാര്‍ അഭിഭാഷകനെ കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു. ജോര്‍ജിന്റെ തര്‍ക്കം സമര്‍പ്പിക്കാന്‍ കേസ് 17 ലേക്ക് മാറ്റി.

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പിസി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. ഫോര്‍ട്ട് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി.

അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാന്‍ പോലും പോലിസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സര്‍ക്കാര്‍ വാദം പറയാന്‍ അഭിഭാഷകന്‍ ഹാജരായുമില്ല. എന്നാല്‍, ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പിസി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

അതേസമയം, സര്‍ക്കാരിനും പിസി ജോര്‍ജിനും കോടതി തീരുമാനം നിര്‍ണായകമായിരിക്കെയാണ് വീണ്ടുമൊരു കേസ് കൂടെ വന്നത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിനാണ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പോലിസ് കേസെടുത്തത്. ഈ കേസ് പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ബലം പകരമെന്ന കണക്കുകൂട്ടലിലാണ് പോലിസ്. 

Tags:    

Similar News