'ദേശീയ സബ്ജൂനിയര് നെറ്റ്ബോളില്‍ പങ്കെടുക്കാന്‍ പരിയാപുരത്തു നിന്നും പി ബി കാര്‍ത്തികേയനും കെ പി അഭിജിത്തും
പെരിന്തല്‍മണ്ണ: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 19നു തുടങ്ങുന്ന ദേശീയ സബ്ജൂനിയര് നെറ്റ്ബോള്‍(ആണ്‍കുട്ടികള്‍) ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി കളിക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നും രണ്ട് പേര്‍ക്ക് അവസരം. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും മരിയന്‍ സ്പോര്‍ട്സ് അക്കാദമി താരങ്ങളുമായ പി ബി കാര്‍ത്തികേയനും കെ പി അഭിജിത്തുമാണ് കേരളത്തെ പ്രതിനിധീകരിക്കുക.
പരിയാപുരം പുള്ളോലില്‍ പി എസ് ബിനുവിന്റെയും രേഷ്മ ടി രഘുവിന്റെയും മകനാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കാര്ത്തികേയന്. ചീരട്ടാമല കണ്ണത്തുപറമ്പില്‍ കെ ജയപ്രകാശിന്റെയും സരിതയുടെയും മകനാണ് പ്ലസ് ടു വിദ്യാര്‍ഥിയായ അഭിജിത്ത്. ഇരുവരും കേരള ടീമിനൊപ്പം ശനിയാഴ്ച തൃശൂരില്‍ നിന്നു യാത്രതിരിക്കും.
കെ എസ് സിബി, ജസ്റ്റിന് ജോസ് എന്നിവരാണ് ഇവരുടെ പരിശീലകര്‍.