സിനിമാ മേഖലയിലും സ്വേഛാധിപത്യത്തിന് വഴിയൊരുങ്ങുന്നു; എഫ്.സി.എ.ടി പിരിച്ചുവിട്ടു

സംഘ്പരിവാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അവസരങ്ങളിലെല്ലാം എഫ്.സി.എ.ടി ഇടപെടലിലൂടെയാണ് പല സിനിമകളും തിയറ്ററുകളിലെത്തിയിരുന്നത്

Update: 2021-04-07 13:54 GMT
ന്യൂഡല്‍ഹി: സിനിമാ മേഖലയില്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍(എഫ്.സി.എ.ടി) പിരിച്ചു വിട്ടു. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനാണ് 1983ല്‍ എഫ്.സി.എ.ടി രൂപീകരിച്ചത്. ഇത് ഇല്ലാതെയാകുന്നതോടെ സംഘ്പരിവാരത്തിന് എതിരായ സിനിമകള്‍ക്ക് അനുമതി നിഷേധിക്കുന്നത് കൂടുതല്‍ എളുപ്പമാകും.സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യാമായിരുന്നു. എഫ്.സി.എ.ടി ഇല്ലാതെയായതോടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇനി മുതല്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.


സംഘ്പരിവാരത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച അവസരങ്ങളിലെല്ലാം എഫ്.സി.എ.ടി ഇടപെടലിലൂടെയാണ് പല സിനിമകളും തിയറ്ററുകളിലെത്തിയിരുന്നത്. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകള്‍ ഇത്തരത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവുകള്‍ ലഭിച്ച ചിത്രങ്ങളാണ്. സെന്‍സര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്ന സിനിമകള്‍ക്കു മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന 'വര്‍ത്തമാനം' എന്ന മലയാള സിനിമക്കും സെന്‍സര്‍ ബോര്‍ഡിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അനുമതി നിഷേധിച്ചിരുന്നു.


ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ പിരിച്ചു വിട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. സംവിധായകരായ ഹന്‍സല്‍ മേത്ത, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, ഗുനീത് മോങ്ക, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ട്വിറ്ററിലൂടെ കടുത്ത എതിര്‍പ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും നിയന്ത്രണം ലക്ഷ്യമിട്ടുമാണെന്ന് ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു. 'ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം'; എന്നാണ് വിശാല്‍ ഭരദ്വാജ് പ്രതികരിച്ചത്.




Tags:    

Similar News