പാര്‍ട്ടി അവഗണന: വയനാട്ടില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചവരുടെ എണ്ണം നാലായി

Update: 2021-03-05 03:48 GMT

വയനാട്: കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നിന്ന് പാര്‍ട്ടി വിട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് ജില്ലയിലെ മുതിര്‍ന്ന നാല് പേര്‍ പാര്‍ട്ടി വിടുന്നത്.

മുന്‍ കെപിസിസി അംഗമായ കെ കെ വിശ്വനാഥനാണ് ആദ്യം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ കെപിസിസി സെക്രട്ടറിയായ എം എസ് വിശ്വനാഥന്‍ രാജി സമര്‍പ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് സുജയ വേണുഗോപാല്‍ തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചു.

വയനാട്ടിലെ പാര്‍ട്ടി മൂന്ന് പേരുടെ കൈകളിലാണെന്നാണ് കെ കെ വിശ്വനാഥന്റെ ആരോപണം. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയെ നയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് എം എസ് വിശ്വനാഥന്റെ പരാതി. പി കെ അനില്‍കുമാര്‍ ലോക്താന്ത്രിക് ജനതാ ദളില്‍ ചേര്‍ന്നു.

പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം കെ സുധാകരന്‍ എംപിയെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം രാജിവച്ചവരുമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ കടുത്ത അസംതൃപ്തി നിലവിലുണ്ട്. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിട്ടുണ്ട്.

140 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നാണ് നടക്കുന്നത്.

Tags:    

Similar News