മുഖ്യമന്ത്രിയെ അനുസരിക്കാതെ പാര്‍ട്ടി ചാനല്‍; സാലറി കട്ട് കൈരളിയിലും

Update: 2020-05-06 12:09 GMT

തിരുവനന്തപുരം: കൊവിഡ്19ന്റെ പശ്ചാതലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന പാര്‍ട്ടി ചാനലും ലംഘിച്ചു. പാര്‍ട്ടി ചാനലില്‍ ഏപ്രില്‍ മാസത്തെ ശമ്പളം 15 മുതല്‍ 30 ശതമാനം വരെ കുറച്ചാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. അടുത്ത ആറു മാസത്തേക്ക് ഈ നില തുടരുമെന്നാണ് സൂചന. പിടിച്ചു വെക്കുന്ന ശമ്പളം ആറു മാസത്തിന് ശേഷം തിരികെ നല്‍കുമെന്നാണ് അനൗദ്യേഗികമായി ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ ജീവനക്കാര്‍ക്ക് ഔദ്യോഗികമായി നോട്ടീസ് നല്‍കിയിട്ടില്ല. ഇക്കാര്യം ജീവനക്കാരെ രേഖാമൂലമോ വാക്കാലോ ഇതുവരെ അറിയിച്ചില്ല. എല്ലാവരും ഈ മാസത്തെ ശമ്പളത്തില്‍ കുറവ് വന്നപ്പോഴാണ് വിവരമറിഞ്ഞത്.

ശമ്പളം വെട്ടിക്കുറക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി പരസ്യമായ നിലപാട് എടുക്കാന്‍ കഴിയാത്തതിനാലാണ് രഹസ്യമായി കൈരളി സാലറി കട്ട് നടപ്പാക്കിയതെന്നാണ് വിവരം. മാധ്യമ സ്ഥാപനങ്ങളുടെ പരസ്യ കുടിശിക സര്‍ക്കാര്‍ നല്‍കിയത് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങരുതെന്ന ലക്ഷ്യത്തിലായിരുന്നു. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്ക് തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസാണ് കൈരളി ചാനല്‍ എം.ഡി.

കൊവിഡ് കാലത്തു കൂലി നിഷേധവും പിരിച്ചുവിടലും പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച്് നിര്‍ദേശം നല്‍കിയിരുന്നു. അവ എല്ലാം കാറ്റില്‍ പറത്തി ചില അച്ചടിദൃശ്യ മാധ്യമങ്ങള്‍ കേരളത്തില്‍ ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ആറു മാസത്തിലധികം ശമ്പള കുടിശ്ശികയുണ്ട്. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് അതത് മാനേജ് മെന്റുകള്‍ക്കു മുന്നിലും പ്രത്യേക സാമ്പത്തിക പാക്കേജ്, അടിയന്തര സാമ്പത്തിക സമാശ്വാസം എന്നീ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു.

അമൃത ടെലിഷന്‍, ദര്‍ശന ചാനല്‍, വീക്ഷണം പത്രം എന്നിവ നിലവില്‍ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയൊ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ്, കൈരളി ചാനലും ശമ്പളം വെട്ടിച്ചുരിക്കിയിരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി പത്രങ്ങളും ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ സി.പി.ഐ.എമ്മിന്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു നേരത്തെ തന്നെ കേന്ദ്രത്തിനു പരാതി നല്‍കുകയും ചെയ്തിരുന്നു. 

Tags:    

Similar News