പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു

തുടര്‍ച്ചയായ ഏഴാം തവണയാണ് സമ്മേളനം നേരത്തേ അവസാനിക്കുന്നത്

Update: 2022-08-09 04:57 GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. നിശ്ചയിച്ചതില്‍ നിന്നും നാലുദിവസം നേരത്തേയാണ് വര്‍ഷകാല സമ്മേളനം അവസാനിച്ചത്. തുടര്‍ച്ചയായ ഏഴാം തവണയാണ് സമ്മേളനം നേരത്തേ അവസാനിക്കുന്നത്.

ലോക്‌സഭ 16 ദിവസം യോഗം ചേര്‍ന്ന് ഏഴ് നിയമനിര്‍മാണങ്ങള്‍ പാസാക്കിയതായി സഭ നിര്‍ത്തിവെക്കുന്നതിന് മുമ്പ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്‍, ഊര്‍ജ്ജ സംരക്ഷണ ഭേദഗതി ബില്‍, ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്‍, വന്യജീവി സംരക്ഷണ ബില്‍, കുടുംബ കോടതി ഭേദഗതി ബില്‍, യുഎപിഎ കേസുകളിലെ ആയുധങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി എന്നിവയാണ് സഭ പാസാക്കിയത്.

ജൂലൈ 18നായിരുന്നു വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. ആഗസ്റ്റ് 12വരെയായിരുന്നു വര്‍ഷകാല സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണകക്ഷി പ്രതിപക്ഷ ബന്ധം മോശമാവുകയും കാര്യമായ ചര്‍ച്ചകളോ നിയമനിര്‍മാണങ്ങളോ നടക്കാതെ പോയതിനാല്‍ രണ്ട് സഭകളുടേയും നടപടി നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.ആഗസ്റ്റ് 9ന് മുഹറം, ആഗസ്റ്റ് 11ന് രക്ഷാബന്ധന്‍ എന്നിവ പ്രമാണിച്ച് സഭ സമ്മേളിക്കില്ല. ഇതുകൂടി കണക്കിലെടുത്താണ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ട്.

വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെച്ചൊല്ലിയുള്ള ബഹളം കാരണം പാര്‍ലമെന്റില്‍ ആദ്യ രണ്ടാഴ്ചകളില്‍ ഒന്നും നടത്താനായിരുന്നില്ല.ഈ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും നടന്നിരുന്നില്ല. ഒപ്പം പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താനായി ഭരണപക്ഷം കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ വാദവും ശക്തമായിരുന്നു.ഇതിനെതിരെയും പാര്‍ലമെന്റില്‍ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 27 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.വൈദ്യുതി ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബില്‍ പിന്നീട് സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടുകയായിരുന്നു.







Tags: