വാക്‌സിന്‍ സ്വീകരിച്ച് മോദിക്കു നന്ദി പറഞ്ഞതിനു പിന്നാലെ മുന്‍ ബിജെപി എംപിക്ക് കൊവിഡ്

Update: 2021-03-27 05:02 GMT

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച് മോദിക്ക് നന്ദി പ്രകടിപ്പിച്ച് ചിത്രം പുറത്തുവിട്ടതിനു പിന്നാലെ മുന്‍ ബിജെപി എംപിക്കു കൊവിഡ് സ്ഥിരീകരിച്ചു. താരവും ബോളിവുഡ് അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലം മുന്‍ എംപിയുമായ പരേഷ് റാവലിനാണ് കൊവിഡ് പോസിറ്റീവ് ആയതെന്ന് അദ്ദേഹം വെള്ളിയാഴ്ച രാത്രി ട്വീറ്റിലൂടെ വെളിപ്പെടുത്തി. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് 65 കാരനായ താരത്തിനു വൈറസ് ബാധിച്ചുത്. 'നിര്‍ഭാഗ്യവശാല്‍, എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു' എന്നാണ് ട്വീറ്റ് ചെയ്തത്. സമീപകാലത്ത് താനുമായി ഇടപഴകിയവര്‍ സ്വയം ക്വാറന്റൈനില്‍ പോവണമെന്നും റാവല്‍ ആവശ്യപ്പെട്ടു.   

മാര്‍ച്ച് 9നാണ് പരേഷ് റാവല്‍ ആദ്യത്തെ വാക്‌സിന്‍ സ്വീകരിച്ചത്. ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. 'വി ഫോര്‍ വാക്‌സിന്‍! ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നന്ദി. നരേന്ദ്ര മോദിക്കും നന്ദി' എന്നാണ് വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നെടുത്ത ചിത്രത്തില്‍ വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി പരേഷ് റാവല്‍ എഴുതിയത്. നടിയും അധ്യാപികയുമായ പരേഷ് റാവലിന്റെ ഭാര്യ സ്വരൂപ് റാവലിനും ഈ മാസം ആദ്യം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 'നേതാവിനെ പിന്തുടരുക... എനിക്ക് എന്റെ കൊവിഡ് 19 വാക്‌സിന്‍ ലഭിച്ചു?' എന്നാണ് അവര്‍ മാര്‍ച്ച് 6 ന് ട്വീറ്റ് ചെയ്തത്.

Paresh Rawal Tests COVID-19 Positive Weeks After First Vaccine Shot

Tags: