കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിരീക്ഷിക്കണം; പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താന്‍ കടുത്ത ശിക്ഷയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താന്‍ കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ ശിക്ഷ ഉറപ്പാക്കാന്‍ പോലിസ് നടപടി ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ നിരീക്ഷിക്കണം. ഫേക്ക് ഐഡികളിലൂടെ പെണ്‍കുട്ടികളെ അപായപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കും.
സ്ത്രീധനം നല്‍കിയുള്ള വിവാഹത്തില്‍ നിന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിട്ടുനില്‍ക്കണം. വരനും വധുവും സ്ത്രീധനം വേണ്ടെന്ന നിലപാട് എടുക്കാന്‍ തയ്യാറാവണം. സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിര്‍പ്പ് ഉയര്‍ന്ന് വരണം. ഒരു പ്രത്യേകഘട്ടത്തില്‍ മാത്രമാണ് പരാതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
മാനസ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ പ്രതികരിച്ചു. മാനസ കൊലപാതകത്തില്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നാണ്. അന്വേഷണ മികവിന്റെ ഭാഗമായി പ്രതികളെ അറസ്റ്റ് ചെയ്തു. അനധികൃതമായി തോക്ക് കൈകാര്യം ചെയ്യുന്നത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
