ശബരിമല സംഭവത്തില്‍ ഖേദമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത് ക്ഷേത്രത്തിലെത്തി വോട്ടഭ്യര്‍ഥിച്ച്

ശിവരാത്രിയ്ക്ക് ആശംസ അര്‍പ്പിച്ചുള്ള ഫേസ്ബുക് പോസ്റ്റും വിവാദത്തില്‍

Update: 2021-03-11 09:58 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഖേദമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും വേദനയുണ്ടെന്നും സുപ്രിംകോടതി വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ആലോചിച്ച ശേഷമേ നടപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും വേദനയുണ്ട്. അയൊന്നും ഇപ്പോള്‍ ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അത് ഒരു സന്ദേശം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മലക്കം മറിച്ചില്‍ പരിഹാസ്യമാണെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് മാപ്പ് പറയുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്നലെ ക്ഷേത്രത്തില്‍ എത്തി ഭക്തരുടെ വോട്ട് അഭ്യര്‍ഥിച്ചാണ് കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിനിടെ ശിവരാത്രിയ്ക്ക് ആശംസ അര്‍പ്പിച്ചുള്ള ഫേസ്ബുക് പോസ്റ്റും വിവാദമായിരിക്കുകയാണ്. 

ശബരിമലയില്‍ യുവതീപ്രവേശനം നവോത്ഥാനമുന്നേറ്റമെന്നായിരുന്നു ആദ്യം സിപിഎം നിലപാട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന് കാരണം ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാടായിരുന്നുവെന്നും തിരുത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു.

Tags: