പരപ്പനങ്ങാടി: കരുണ വറ്റാത്ത മനസ്സിന്റെ ഉടമ റഫീഖിന് എസ്ഡിപിഐയുടെ ആദരം

Update: 2021-07-20 13:00 GMT

പരപ്പനങ്ങാടി: മഹാമാരികളിലും ദുരന്തങ്ങളിലും പതറാതെ രക്ഷാപ്രവര്‍ത്തകനായും മഹാമാരികളില്‍ കൊഴിഞ്ഞുപോയ സഹജീവികളെ സംസ്‌കരിച്ചും മാതൃകയായി മാറിയ കരുണ വറ്റാത്ത മനസ്സിന്റെ ഉടമ റഫീഖ് വമ്പിശ്ശേരിയെ എസ്ഡിപിഐ ആദരിച്ചു. ദുരന്തങ്ങളിലും ദുരിതങ്ങളിലും യാതൊരു മടിയുമില്ലാതെ ഈ ചെറുപ്പക്കാരന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ എന്തിനും സന്നദ്ധനായി രംഗത്തുണ്ട്. 

കൊവിഡ് കാലത്ത് ക്വാറന്റെയിന്‍ സെന്ററില്‍ രോഗികള്‍ക്ക് കൂട്ടിരുന്നും നിരവധി മരിച്ചവരെ ജാതി, മത വ്യത്യാസമില്ലാതെ കബറടക്കിയും അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായും നിര്‍ധനര്‍ക്ക് തണലായും പ്രവര്‍ത്തിക്കുന്ന റഫീഖിന് പലപ്പോഴും ജോലിയെടുക്കാന്‍ പോലും പോവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സ്വന്തം നാട്ടില്‍ പലപ്പോഴും ഇത്തരം സേവന സന്നദ്ധരായവരെ അവഗണിക്കാരാണ് പതിവെന്നും ആ ദൗത്യമാണ് എസ്ഡിപിഐ ഏറ്റെടുത്ത് റഫീഖിന് ആദരവ് നല്‍കുന്നതിലൂടെ ചെയ്യുന്നതെന്നും ചടങ്ങില്‍ മെമെന്റൊ നല്‍കി എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.

പരപ്പനങ്ങാടി ട്രോമ കെയറിലൂടെയാണ് റഫീഖ് സന്നദ്ധ സേവന രംഗത്തേക്ക് കടന്നുവരുന്നത്.

കരിങ്കല്ലത്താണി സ്വദേശിയായ റഫീഖിന് എസ്.ഡി.പി.ഐ കരിങ്കല്ലത്താണി ബ്രാഞ്ച് കമ്മറ്റിയാണ് ആദരവ് സംഘടിപ്പിച്ചത്. ഭാരവാഹികളായ ഷരീഫ്, ചപ്പങ്ങത്തില്‍ ആഷിഖ്, അഷ്‌റഫ് വി, അബ്ദുല്‍ സലാം കളത്തിങ്ങല്‍, ആഷിഖ് മുത്തു, ഫാസില്‍, വാസു കന്നിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.