കൊവിഡ് ബാധിച്ചു മരിച്ചവരെ മതാചാരപ്രകാരം കുളിപ്പിക്കുന്നതായി പരാതി, പരപ്പനങ്ങാടി പോലിസ് കേസെടുത്തു
പരപ്പനങ്ങാടി: കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ശരീരം പരപ്പനങ്ങാടി പുത്തരിക്കലുള്ള പെംസ് സ്‌കൂളിനു സമീപം ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് കൊണ്ടുവന്ന് മതാചാരപ്രകാരം കുളിപ്പിക്കുന്നതായി പരാതി. അറ്റത്തങ്ങാടി സ്വദേശി നെച്ചിക്കാട്ട് റഫീഖ് ആണ് പരപ്പനങ്ങാടി പോലിസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുള്ളത്.
പരപ്പനങ്ങാടി ആസ്ഥാനമായിട്ടുള്ള 'സോഫ്റ്റ് ' എന്ന സംഘടനയിലെ അംഗങ്ങളാണ് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏതാനും കൗണ്‍സിലര്‍മാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ കുളിപ്പിച്ചു കൊണ്ടിരുന്നതെന്നും ദൂരസ്ഥലങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ ഇവിടെ കൊണ്ടുവന്ന് കുളിപ്പിച്ച ശേഷമാണ് അടക്കം ചെയ്തിരുന്നതെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും മനപ്പൂര്‍വം രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയതിനും പരപ്പനങ്ങാടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഇക്കാര്യത്തിലുള്ള പരാതി പ്രസിദ്ധീകരിച്ചിരുന്നു. പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി എസ് ഐ ഹണി കെ.ദാസ് അറിയിച്ചു.